ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത വിടവാങ്ങി

Kerala News

നിഷ്കളങ്കമായ ഫലിതത്തിലൂടെ മലയാളികളെ പുഞ്ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത, മാർത്തോമാ സഭ മുൻ അധ്യക്ഷനും, ആത്മീയാചാര്യനുമായ മലയാളക്കരയുടെ പ്രിയപ്പെട്ട ക്രിസോസ്റ്റം തിരുമേനി കാലം ചെയ്തു. 103 വയസ്സായിരുന്നു, ലോകത്തെ ഏറ്റവും പ്രായം കൂടിയ ബിഷപ്പെന്ന പരിഗണയും ഇദ്ദേഹത്തിനായിരുന്നു. കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽ 2021 മെയ് 5-ന് പുലർച്ചെ 1.15 നായിരുന്നു അന്ത്യം.

കുറച്ച് പറയുകയും കൂടുതൽ ചിന്തിപ്പിക്കുകയും ചെയ്ത ഇദ്ദേഹത്തിന്റെ നർമ്മം കലർന്ന പ്രസംഗങ്ങൾ ഏവരും അത്യധികം ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഫലിത സംഭാഷണങ്ങൾ നിറഞ്ഞ സദസ്സുകളിലൂടെ ഓർമ്മകൾ ഓടിക്കുമ്പോൾ മനസ്സിലേയ്ക്ക് വരുന്ന വാക്കുകളാണ് ഇവ.

“ഇന്ന് സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നത് മൂന്ന് അവിവാഹിതരായ യുവതികളാണ്. മിസ് അണ്ടർസ്റ്റാന്ഡിങ്ങ്, മിസ് റെപ്രസെൻറ്റേഷൻ, മിസ് ഇന്റർപ്രറ്റേഷൻ. ഈ മൂന്ന് പേരെയും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഓടിച്ചുകളയാതെ ഇവിടെ നന്മയുണ്ടാകില്ല…”. ഏതൊരു കേൾവിക്കാരനും ആകാംക്ഷയും, പുഞ്ചിരിയും, ചിന്തയും നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്യങ്ങളും. ഇന്ന് നമ്മുടെ നാട്ടിൽ വളർന്നു വരുന്ന കുടുംബ പ്രശ്നങ്ങളുടെയും, സാമൂഹിക അസ്വാരസ്യങ്ങളുടെയും കാതലായ പ്രശ്നം ഈ മൂന്നുമാണെന്ന് ചിന്തിച്ചാൽ മനസ്സിലാക്കാനാകും.

2018-ൽ രാജ്യം പത്മഭൂഷൺ നല്‌കി ആദരിച്ച അദ്ദേഹത്തിന്റെ ജീവിതചിന്തകൾ നമുക്ക് മുന്നിൽ എന്നും വെളിച്ചമായി നിലനില്‌ക്കട്ടെ എന്ന് പ്രത്യാശിക്കാം.

Cover Image: Navaneeth Krishnan S