സൗദി: സ്വകാര്യ വിദ്യാലയങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

featured GCC News

രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിലും, അന്താരാഷ്ട്ര വിദ്യാലയങ്ങളിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടം പ്രാവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ട് സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (HRSD) അറിയിപ്പ് പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട് HRSD വകുപ്പ് മന്ത്രി അഹ്‌മദ്‌ അൽ രജ്‌ഹി ഔദ്യോഗിക മന്ത്രിതല വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

മെയ് 7-നാണ് HRSD ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിലെയും, അന്താരാഷ്ട്ര വിദ്യാലയങ്ങളിലെയും ഏതാനം ശതമാനം തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. വരുന്ന മൂന്ന് വർഷത്തിനിടയിൽ വിദ്യാഭ്യാസ മേഖലയിൽ നിന്ന് സൗദി പൗരന്മാർക്കായി ഏതാണ്ട് 28000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഇത്തരം ഒരു തീരുമാനം നടപ്പിലാക്കുന്നത്.

ഈ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിലെ കണക്ക്, ഫിസിക്സ്, ബയോളജി, സയൻസ്, കമ്പ്യൂട്ടർ തുടങ്ങിയ വിഷയങ്ങളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതാണ്. അന്താരാഷ്ട്ര വിദ്യാലയങ്ങളിലെ സ്വദേശിവത്കരണ നടപടികളുടെ ആദ്യ ഘട്ടത്തിൽ അറബിക്, ഇസ്ലാമിക് വിഷയങ്ങൾ, സോഷ്യോളജി, ആർട്ട്, ഫിസിക്കൽ എഡ്യൂക്കേഷൻ മുതലായ വിഷയങ്ങളിൽ സൗദി പൗരന്മാരെ അധ്യാപകരായി നിയമിക്കുന്നതാണ്.