സൗദി: കസ്റ്റമർ കെയർ സേവന മേഖലയിൽ പൂർണ്ണമായി സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനം

GCC News

വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കാൾ സെന്ററുകളിലൂടെ രാജ്യത്തെ കസ്റ്റമർ കെയർ മേഖലയിലെ സേവനങ്ങൾ നൽകുന്നതുൾപ്പടെയുള്ള നടപടികൾ നിർത്തലാക്കാൻ തീരുമാനിച്ചതായി സൗദി ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് മിനിസ്ട്രി (HRSD) പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് HRSD വകുപ്പ് മന്ത്രി അഹ്‌മദ്‌ ബിൻ സുലൈമാൻ അൽ രാജ്‌ഹി ഫെബ്രുവരി 1, തിങ്കളാഴ്ച്ച പുറത്തിറക്കി. കസ്റ്റമർ കെയർ സേവന മേഖലയിൽ കരാറടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിലേക്ക് നൽകുന്ന നേരിട്ടുള്ളതും, അല്ലാത്തതുമായ എല്ലാ തരം വിദൂര സേവനങ്ങൾക്കുള്ള കരാറുകളും ഇതോടെ നിർത്തലാകുന്നതാണ്.

ഈ തീരുമാനത്തോടെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കാൾ സെന്ററുകൾ ഉപയോഗിച്ച് കൊണ്ട് സൗദിയിലെ സ്ഥാപനങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകിവരുന്ന കസ്റ്റമർ കെയർ സേവനങ്ങൾ നിർത്തലാക്കപ്പെടുന്നതാണ്. ഫോൺ കാൾ, ഇമെയിൽ, ഓൺലൈൻ ചാറ്റ്, സമൂഹ മാധ്യമങ്ങൾ എന്നിവ ഉപയോഗിച്ച് സൗദി സ്ഥാപനങ്ങൾ ഉപഭോക്താക്കളുമായുള്ള ആശയവിനിമയങ്ങൾ വിദൂര സമ്പ്രദായത്തിലൂടെ കരാറടിസ്ഥാനത്തിൽ വിദേശ രാജ്യങ്ങളിലേക്ക് നൽകുന്ന രീതി നിർത്തലാകുന്നതാണ്. വിദേശ രാജ്യങ്ങളിലെ കാൾ സെന്ററുകളിൽ നിന്ന് നൽകിവരുന്ന ഇത്തരം സേവനങ്ങൾ സൗദിയിൽ നിന്ന് സൗദി പൗരന്മാരെ നിയമിച്ച് കൊണ്ട് നൽകേണ്ടി വരുന്നതാണ്.

പുതിയ തീരുമാന പ്രകാരം, സ്ഥാപനങ്ങൾ തങ്ങളുടെ ഇത്തരം കസ്റ്റമർ കെയർ സേവനങ്ങൾ സൗദിയിൽ നിന്ന് തന്നെ നൽകേണ്ടതാണ്. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് HRSD ഇത്തരം ഒരു തീരുമാനം നടപ്പിലാക്കുന്നത്. സൗദിയിലെ മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ, നാഷണൽ സൈബർ സെക്യൂരിറ്റി അതോറിറ്റി മുതലായവരുമായി ചേർന്നാണ് HRSD ഈ തീരുമാനം നടപ്പിലാക്കുന്നത്.