COVID-19: ആരോഗ്യ സുരക്ഷാ നിബന്ധനകൾ മറികടക്കുന്നവർക്ക് സൗദിയിൽ ജയിൽ ശിക്ഷ

GCC News

COVID-19 വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയിലെ പൊതുജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം. പിഴയും, ജയിൽ ശിക്ഷയുമുൾപ്പടെയുള്ള കടുത്ത നടപടികളാണ് സൗദിയിൽ ഇത്തരത്തിൽ നിയമ ലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് എന്ന് അധികൃതർ ഓർമിപ്പിച്ചു.

COVID-19 സുരക്ഷാ നിബന്ധനകൾ മറികടക്കുന്ന വ്യക്തികൾ, സ്വകാര്യ സ്ഥാപനങ്ങൾ, ജീവനക്കാർ എന്നിവർക്ക് 1000 സൗദി റിയാൽ മുതൽ 1 ലക്ഷം റിയാൽ വരെ പിഴയും, 1 മാസം മുതൽ 1 വർഷം വരെ തടവും ശിക്ഷയായി ലഭിക്കാവുന്നതാണ്. കർഫ്യു വേളകളിൽ മൂവ് പെർമിറ്റുകൾ ദുരുപയോഗം ചെയ്യുക, ക്വാറന്റീൻ നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക തുടങ്ങിയ പ്രവർത്തികളും ഇതേ ശിക്ഷകൾ ലഭിക്കാവുന്ന നിയമലംഘനങ്ങളായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

COVID-19 രോഗബാധിതനായ ഒരു വ്യക്തി മനഃപൂർവം മറ്റൊരാൾക്ക് രോഗം പകരാനുള്ള സാഹചര്യം ഉണ്ടാക്കിയാൽ 5 വർഷം തടവും, 5 ലക്ഷം സൗദി റിയാൽ പിഴയും ചുമത്തും. കൊറോണ വൈറസ് സംബന്ധമായ തെറ്റായ വിവരങ്ങളും, വ്യാജ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെയും, സമൂഹത്തിൽ പരിഭ്രാന്തി പടർത്തുന്നവർക്കെതിരെയും 1 വർഷം മുതൽ 5 വർഷം വരെ തടവും 1 ലക്ഷം മുതൽ പത്ത് ലക്ഷം റിയാൽ വരെ പിഴയും ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇത്തരത്തിൽ നിയമ ലംഘനങ്ങൾ നടത്തുന്ന വിദേശികളെ സൗദിയിൽ നിന്ന് പുറത്താക്കുന്നതാണെന്നും, ഇത്തരക്കാർക്ക് സൗദിയിലേക്ക് റീ-എൻട്രി അനുവദിക്കില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.