രാജ്യത്തെ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 2021 ഒക്ടോബർ 10, ഞായറാഴ്ച്ച മുതൽ COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും എടുത്തിരിക്കണം എന്ന നിബന്ധന ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 1-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.
ഈ തീരുമാനം രാജ്യത്ത് വാണിജ്യ, വ്യാവസായിക, സാംസ്‌കാരിക, വിനോദ, കായിക, ടൂറിസം മേഖലകളിൽ നടക്കുന്ന മുഴുവൻ പ്രവർത്തനങ്ങളിലും, ചടങ്ങുകളിലും പങ്കെടുക്കുന്നവർക്ക് ബാധകമാണ്. ഒക്ടോബർ 10 മുതൽ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് COVID-19 വാക്സിന്റെ മുഴുവൻ ഡോസുകളും നിർബന്ധമാകുന്നതാണ്.
ഇതിന് പുറമെ, സൗദിയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിനും, വ്യോമഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും, പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനും രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാക്കുന്നതാണ്. 2021 ഒക്ടോബർ 10-ന് രാവിലെ 6 മണി മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരുന്നതാണ്.
Tawakkalna ആപ്പിലെ സ്റ്റാറ്റസ് പ്രകാരം, COVID-19 വാക്സിൻ സ്വീകരിക്കുന്നതിൽ ഔദ്യോഗിക ഇളവുകൾ ലഭിച്ചിട്ടുള്ളവരെ മാത്രമാണ് ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.