സൗദി അറേബ്യ: സാമ്പത്തിക സ്ഥിതിഗതികൾ മെച്ചപ്പെടുന്ന സാഹചര്യത്തിൽ VAT നിരക്ക് പുനരാലോചിക്കുമെന്ന് ധനകാര്യ മന്ത്രി

GCC News

രാജ്യത്തെ സാമ്പത്തിക സ്ഥിതിഗതികൾ മെച്ചപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ 15 ശതമാനമായി ഉയർത്തിയിട്ടുള്ള മൂല്യവർദ്ധിത നികുതി (VAT) നിരക്ക് പുനരാലോചിക്കുമെന്ന് സൗദി ധനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ജദാൻ വ്യക്തമാക്കി. റിയാദിൽ വെച്ച് 2021 ഡിസംബർ 13-ന് നടന്ന സൗദി ബഡ്ജറ്റ് 2022 ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൗദിയിലെ സാമ്പത്തിക മേഖലയിൽ നിലവിൽ മുന്നോട്ട് വെച്ചിട്ടുള്ള ആഭ്യന്തര ഉത്പാദന വളര്‍ച്ച, സമ്പദ്‌ഘടനയുടെ വികാസം തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റുന്ന സാഹചര്യത്തിൽ VAT നിരക്കിലെ വർദ്ധനവ് മന്ത്രാലയം പുനഃപരിശോധിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

“രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന സാഹചര്യത്തിൽ നികുതി നിരക്ക് പുനരാലോചിക്കുമെന്ന് ഞാൻ ആവർത്തിച്ച് വ്യക്തമാക്കുന്നു.”, അദ്ദേഹം ഫോറത്തിൽ പങ്കെടുത്ത് കൊണ്ട് അറിയിച്ചു. സൗദിയിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള 15 ശതമാനം VAT നിരക്ക് താത്കാലികമാണെന്ന് സൗദി കിരീടാവകാശി നേരത്തെ അറിയിച്ചിരുന്നു.

സൗദിയിലെ കൂടുതൽ മേഖലകളിൽ സ്വകാര്യവത്കരണം നടപ്പിലാക്കുമെന്നും ധനകാര്യ വകുപ്പ് മന്ത്രി അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യരംഗം, കായികരംഗം, വ്യവസായം തുടങ്ങിയ മേഖലകളിലും, ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ വരുന്ന ഏതാനം പ്രൊജക്റ്റുകളിലും സ്വകാര്യവത്കരണം നടപ്പിലാക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയിൽ ഉടലെടുത്തിട്ടുള്ള പ്രതിസന്ധികൾ തരണം ചെയ്യുന്നതിനായാണ് 5 ശതമാനം ഉണ്ടായിരുന്ന മൂല്യ വർദ്ധിത നികുതി നിരക്ക് 2020 ജൂലായ് 1 മുതൽ സൗദി അറേബ്യ 15 ശതമാനമാക്കി ഉയർത്തിയത്. എന്നാൽ ഈ തീരുമാനം താത്കാലിക നടപടി മാത്രമാണെന്നും VAT വർദ്ധിപ്പിച്ച നടപടി, നിലവിലെ COVID-19 മഹാമാരിയുടെ പ്രതിസന്ധി അവസാനിച്ച ശേഷം സൗദി അറേബ്യ പുനഃപരിശോധിക്കുമെന്നും 2020-ൽ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു.