സൗദി: വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Saudi Arabia

രാജ്യത്തെ പൊതു വിദ്യാലയങ്ങളിലെ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള രീതിയുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 1-നാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2021 ഓഗസ്റ്റ് 29 മുതൽ ആരംഭിക്കുന്ന സൗദിയിലെ പുതിയ അധ്യയനവർഷത്തിൽ, രണ്ട് ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത, ഹൈ സ്‌കൂൾ, മിഡിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലാസ്സ്മുറികളിലേക്ക് നേരിട്ടുള്ള പ്രവേശനം അനുവദിക്കു രീതിയിലുള്ള അധ്യയനം ആരംഭിക്കുന്നതാണ്. വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മാത്രമാണ് പുതിയ അധ്യയനവർഷത്തിൽ വിദ്യാലയങ്ങളിലേക്ക് നേരിട്ട് പ്രവേശനം നൽകുന്നത്.

എന്നാൽ ആദ്യഘട്ടത്തിൽ ഹൈ സ്‌കൂൾ, മിഡിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ രീതിയിലുള്ള അധ്യയനം നടപ്പിലാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രീസ്‌കൂൾ, എലമെന്ററി സ്കൂൾ വിദ്യാർഥികൾ എന്നിവർക്ക് രാജ്യത്തെ സമൂഹത്തിൽ 70 ശതമാനത്തോളം ആർജ്ജിത രോഗപ്രതിരോധ ശേഷി നേടുന്നതുവരെയോ, 2021 ഒക്ടോബർ 30 വരെയോ, ഇവയിൽ ഏതാണ് ആദ്യം വരുന്നത്, ആ കാലയളവ് മുതൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത് ആലോചിക്കുന്നതാണ്.

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് വാക്സിനേഷൻ പൂർത്തിയാക്കുന്ന രീതിയിൽ അർഹരായ വിദ്യാർഥികൾ, അധ്യാപകർ, സ്‌കൂൾ ജീവനക്കാർ മുതലായവർക്ക് വാക്സിൻ സ്വീകരിക്കുന്നതിനുള്ള മുൻ‌കൂർ ബുക്കിംഗ് നൽകുമെന്നും മന്ത്രാലയം അറിയിച്ചു.