സൗദി അറേബ്യ: പൂർണ്ണമായും സുരക്ഷിതമെന്നുറപ്പാക്കിയ ശേഷം മാത്രം COVID-19 വാക്സിനു അംഗീകാരം

GCC News

വിവിധ രാജ്യങ്ങളുമായി ചേർന്ന് COVID-19 വാക്സിൻ പരീക്ഷണങ്ങളിൽ സൗദി അറേബ്യ സഹകരിക്കുന്നുണ്ടെങ്കിലും, സൗദി ഫുഡ് ആൻഡ് ഡ്രഗ് ഫെഡറേഷന്റെ (SFDA) സുരക്ഷാ പരിശോധനകളിൽ വിജയിക്കുന്ന വാക്സിനുകൾക്ക് മാത്രമാണ് രാജ്യത്ത് അംഗീകാരം നൽകുക എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സൗദി ആരോഗ്യ വകുപ്പ് മന്ത്രി തൗഫീഖ് അൽ റാബിയയാണ് ഇക്കാര്യം അറിയിച്ചത്.

“നിലവിൽ യു കെ, റഷ്യ, യു എസ്, ചൈന എന്നീ രാജ്യങ്ങൾ പരീക്ഷിക്കുന്ന വാക്സിനുകളുമായി സൗദി വിവിധ രീതിയിൽ സഹകരിക്കുന്നുണ്ട്. എന്നാൽ SFDA പൂർണ്ണമായും സുരക്ഷിതമാണെന്ന് കണ്ടെത്തുന്ന വാക്സിനുകൾക്ക് മാത്രമായിരിക്കും രാജ്യത്തെ ജനങ്ങൾക്ക് നൽകുന്നതിന് അംഗീകാരം നൽകുക. സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി രാജ്യത്തിന്റെ നേതൃത്വം, വാക്സിൻ ലഭ്യമാക്കുന്നതുൾപ്പടെ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുന്നതാണ്. എന്നാൽ ഇവയുടെ സുരക്ഷിതത്വം, ഉപയോഗ ക്രമം എന്നിവ സംബന്ധിച്ച് കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ അവ രാജ്യത്ത് ചികിത്സാരീതി എന്ന നിലയിൽ അംഗീകാരം നൽകുകയുള്ളൂ.”, തൗഫീഖ് അൽ റാബിയ വ്യക്തമാക്കി.

രാജ്യത്ത് കൊറോണ വൈറസ് വാക്സിൻ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിക്കുന്നതായി സൗദി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 8, ശനിയാഴ്ച്ച അറിയിച്ചിരുന്നു.

രാജ്യത്തെ കൊറോണ വൈറസ് സാഹചര്യം നിയന്ത്രണവിധേയമാണെന്നും, ആവശ്യമായ മുഴുവൻ ആളുകൾക്കും പരിശോധനകളും മറ്റു ചികിത്സാ സൗകര്യങ്ങളും ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് നിലവിൽ പ്രതിദിനം 70000-ത്തിൽ പരം കൊറോണ വൈറസ് ടെസ്റ്റുകൾ നടക്കുന്നുണ്ടെന്നും, 21 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സാന്നിദ്ധ്യം ജനങ്ങൾക്ക് പരിശോധനകൾക്കായി വളരെയധികം സൗകര്യം നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ രോഗമുക്തി നിരക്ക് 90 ശതമാനത്തിലെത്തിയത്, ജനങ്ങൾ സുരക്ഷാ മുൻകരുതലുകളിൽ പുലർത്തുന്ന ജാഗ്രത മൂലമാണെന്നും അൽ റാബിയ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന സൗദി പൗരന്മാരെയും, പ്രവാസികളെയും അദ്ദേഹം അഭിനന്ദിച്ചു.