രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങളുമായി സൗദി അറേബ്യൻ എയർലൈൻസ്

GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യൻ എയർലൈൻസ് (സൗദിയ) അറിയിപ്പ് പുറത്തിറക്കി. സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സർവീസുകൾ പുനരാരംഭിക്കുന്നത് മുതൽ നടപ്പിലാക്കേണ്ട നിർദ്ദേശങ്ങളാണ് സൗദിയ അറിയിച്ചിട്ടുള്ളത്. എന്നാൽ സൗദി അറേബ്യയിൽ നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സർവീസുകൾ പുനരാരംഭിക്കുന്ന തീയ്യതി സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും അധികൃതർ അറിയിച്ചിട്ടില്ല.

  • സൗദിയിലേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികരും ആരോഗ്യ സ്ഥിതിയെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു സാക്ഷ്യപത്രം വിമാനത്താവളത്തിൽ വെച്ച് ആരോഗ്യ അധികൃതർക്ക് നൽകേണ്ടതാണ്.
  • സാക്ഷ്യപത്രത്തിൽ ഓരോ യാത്രികരുടെയും പേര്, വിലാസം, ഫോൺ നമ്പർ മുതലായ മുഴുവൻ വിവരങ്ങളും നൽകേണ്ടതാണ്.
  • വിദേശത്തു നിന്ന് രാജ്യത്ത് പ്രവേശിക്കുന്നവർക്ക് 7 ദിവസത്തെ സെൽഫ് ഐസൊലേഷൻ ഉണ്ടായിരിക്കുന്നതാണ്.
  • മുഴുവൻ യാത്രികരും ‘Tatamman’, ‘Tawakkalna’ എന്നീ ആപ്പുകളിൽ റെജിസ്റ്റർ ചെയ്യേണ്ടതാണ്. രാജ്യത്ത് പ്രവേശിച്ച് 8 മണിക്കൂറിനകം ഐസൊലേഷനിൽ തുടരുന്ന ഇടം Tatamman ആപ്പ് ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതാണ്.
  • ഐസൊലേഷനിലുള്ളവർക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ 937 എന്ന നമ്പറിൽ ഉടനെ തന്നെ ബന്ധപ്പെടേണ്ടതാണ്. അല്ലെങ്കിൽ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
  • ഐസൊലേഷനിലുള്ളവർ ദിനവും Tatamman ആപ്പ് വഴി ലഭിക്കുന്ന ആരോഗ്യ അവലോകന നിർദ്ദേശങ്ങൾ പൂർത്തിയാക്കേണ്ടതും, ആരോഗ്യ വകുപ്പിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമാണ്.

അതേസമയം, ഇത്തരത്തിൽ അന്താരാഷ്ട്ര വിമാനയാത്രികർക്കുള്ള നിബന്ധനകൾ സൗദിയ അറിയിച്ചതോടെ സൗദിയിൽ നിന്നുള്ള വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതായുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിക്കുകയുണ്ടായി. ഇതിനെത്തുടർന്ന് സൗദിയിൽ നിന്നുള്ള സാധാരണ നിലയിലുള്ള അന്താരാഷ്ട്ര വ്യോമയാന സർവീസുകൾ പുനരാരംഭിച്ചിട്ടില്ലെന്നും, ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുമെന്നും സൗദി അറേബ്യൻ എയർലൈൻസ് വ്യക്തമാക്കി.

സൗദിയിൽ മാർച്ച് പകുതി മുതൽ അന്താരാഷ്ട്ര വ്യോമയാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. മെയ് അവസാനം മുതൽ രാജ്യത്ത് ആഭ്യന്തര വ്യോമയാന സേവനങ്ങൾ പുനരാരംഭിച്ചിരുന്നു.