ഒമാൻ: ജനുവരി 27, 28 തീയതികളിൽ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്ത് 2024 ജനുവരി 27, ശനിയാഴ്ച, ജനുവരി 28, ഞായറാഴ്ച എന്നീ ദിനങ്ങളിൽ ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ജനുവരി 26-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി മുസന്ദം ഗവർണറേറ്റിൽ 10 മുതൽ 20 മില്ലീമീറ്റർ വരെയുള്ള ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് ഈ മേഖലയിൽ താഴ്വരകളിലും, താഴ്ന്ന പ്രദേശങ്ങളിലും വെള്ളത്തിന്റെ കുത്തൊഴുക്കിനും, ജലനിരപ്പ് ഉയരുന്നതിനും ഇടയാക്കാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

അൽ ഹജാർ മലനിരകളിലും, ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മുസന്ദം, അൽ ദഹിറാഹ്, സൗത്ത് അൽ ശർഖിയ, അൽ വുസ്ത, ദോഫാർ, ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ തുടങ്ങിയ മേഖലകളിൽ രാത്രിയും, പുലർകാലങ്ങളിലും വളരെ താഴ്ന്ന മേഘങ്ങൾ, മൂടൽമഞ്ഞ് എന്നിവ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്.