COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ ഉറപ്പാക്കുന്നതിനായി നിർമ്മിത ബുദ്ധിയുടെ സഹായം തേടി RTA

Family & Lifestyle GCC News

കൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായി നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൊണ്ടുള്ള സംവിധാനങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA). COVID-19 വ്യാപനം തടയുന്നതിനായുള്ള നിർദ്ദേശങ്ങൾ യാത്രികർ പാലിക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്നതിനായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങൾ RTA തങ്ങളുടെ ടാക്സികളിൽ നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. ടാക്സി യാത്രികർ, ഡ്രൈവർമാർ മുതലായവർ മാസ്കുകൾ ഉപയോഗിക്കുന്നതിലും, സമൂഹ അകലം പാലിക്കുന്നതിലും വരുത്തുന്ന വീഴ്ചകൾ ഈ സംവിധാനം സ്വയം കണ്ടെത്തി അധികൃതരെ അറിയിക്കും.

ചുറ്റുപാടുമുള്ള ദൃശ്യങ്ങളെ വിശകലനം ചെയ്യുന്നതിനും, മനസ്സിലാക്കുന്നതിനുമുള്ള കമ്പ്യൂട്ടർ വിഷൻ, കാര്യങ്ങൾ സ്വയം അപഗ്രഥിച്ച് തീരുമാനങ്ങളിൽ എത്തുന്നതിനു സഹായിക്കുന്ന മെഷീൻ ലേർണിംഗ് മുതലായ AI സാങ്കേതികവിദ്യകൾ ഉൾകൊള്ളുന്ന സംവിധാനങ്ങൾ കൊറോണ വൈറസ് സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാകുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും, വീഴ്ചകൾ അധികൃതരെ അറിയിക്കുന്നതിനും ഫലപ്രദമാണെന്ന് RTA പ്രസ്താവിച്ചു.

“നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനങ്ങൾ കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപെടുന്നുണ്ടോ എന്നറിയാൻ ഫലപ്രദമാണ്. ഈ സംവിധാനത്തിലൂടെ സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം എന്നിവയിലെ വീഴ്ചകൾ ദൃശ്യ വിശകലനത്തിലൂടെ കമ്പ്യൂട്ടർ കണ്ടെത്തി അറിയിക്കുന്നു എന്നത് ഏറെ പ്രയോജനപ്രദമാണ്.” RTA സ്മാർട്ട് സേവനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മെഹ്ബൂബ് വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം ഉപയോഗിച്ചതിൽ 100 % വിജയം കണ്ടതായി അദ്ദേഹം അറിയിച്ചു.

വീഡിയോ ദൃശ്യങ്ങളിൽ നിന്ന് മുഖം കണ്ടെത്തി, ശരിയായ രീതിയിലാണോ മാസ്കുകൾ ധരിച്ചിരിക്കുന്നത് എന്നതും, യാത്രികരും ഡ്രൈവറും തമ്മിൽ നിശ്ചിത അകലം പാലിക്കുന്നുണ്ടോ എന്നതും സ്വയം കണ്ടെത്തുന്ന രീതിയിലാണ് ഈ സംവിധാനത്തിലെ AI പ്രവർത്തിക്കുന്നത്. “പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനത്തിലൂടെ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ദിനവും ഏതാണ്ട് 2 ലക്ഷം മണിക്കൂർ നീളുന്ന വീഡിയോ ദൃശ്യങ്ങളാണ് വിജയകരമായി വിശകലനം ചെയ്തത്. നിരീക്ഷണങ്ങൾക്കായി മനുഷ്യന്റെ ഇടപെടൽ വളരെയധികം ലഘൂകരിക്കുന്നതിനും, സമയവും, അധ്വാനവും കുറയ്ക്കുന്നതിനും ഈ സംവിധാനം കൊണ്ട് സാധിച്ചിട്ടുണ്ട്.”. താമസിയാതെ RTA-യുടെ എല്ലാ വാഹനങ്ങളിലും ഈ സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.