ഒമാൻ: സുവൈഖിലെ വിദ്യാലയങ്ങളിലെ ക്ലാസുകൾ ഒക്ടോബർ 17 മുതൽ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

GCC News

ഷഹീൻ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിലെ ക്ലാസുകൾ താത്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ ഏതാനം വിലായത്തുകളിലെ വിദ്യാലയങ്ങളിൽ തുടരുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. സുവൈഖ് വിലായത്ത്, അൽ ഖബൗറ വിലായത്ത് എന്നിവിടങ്ങളിലെ വിദ്യാലയങ്ങളിലെ ക്ലാസുകൾ 2021 ഒക്ടോബർ 14, വ്യാഴാഴ്ച്ച വരെ നിർത്തിവെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഈ വിലായത്തുകളിലെ വിദ്യാലയങ്ങളിൽ ഒക്ടോബർ 17, ഞായറാഴ്ച്ച മുതൽ അധ്യയനം പുനരാരംഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ഒക്ടോബർ 9-നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ വിലായത്തുകളിലെ ഏതാനം ഇടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലെത്തുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ തീരുമാനം. അതേസമയം, നോർത്ത് അൽ ബത്തീന, സൗത്ത് അൽ ബത്തീന ഗവർണറേറ്റുകളിലെ ഒട്ടുമിക്ക വിദ്യാലയങ്ങളിലും ഒക്ടോബർ 10 മുതൽ അധ്യയനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രാലയം ചൂണ്ടിക്കാട്ടി.