യാസ് ഐലൻഡിലെ സീവേൾഡിലേക്ക് ഇന്ന് (2023 മെയ് 23, ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.
സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതിന് മുന്നോടിയായി 2023 മെയ് 22-ന് സീവേൾഡിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായി പ്രത്യേക കലാപരിപാടികൾ നടന്നു. സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ പ്രധാനകെട്ടിടങ്ങൾ മെയ് 22-ന് നീലനിറത്തിലുള്ള നിറക്കാഴ്ചകളാൽ അലങ്കരിച്ചിരുന്നു.
2023 മെയ് 20-ന് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യാസ് ഐലൻഡിലെ സീവേൾഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു.
ലോകത്തെ തന്നെ ഏറ്റവും വലിയ അക്വേറിയം സ്ഥിതി ചെയ്യുന്ന ഈ സമുദ്ര-ജീവി സംരക്ഷണ/പ്രദർശന കേന്ദ്രം അബുദാബിയുടെ പരിസ്ഥിതി സംരക്ഷണ നയങ്ങൾക്കനുസൃതമായാണ് നിർമ്മിച്ചിരിക്കുന്നത്. മേഖലയിലെ കടൽ ജീവികളുടെ സംരക്ഷണം, കടൽ ആവാസവ്യവസ്ഥകളുടെയും, വാസസ്ഥലങ്ങളുടെയും സംരക്ഷണം, സമുദ്ര ആവാസവ്യവസ്ഥയിലെ ജൈവവൈവിദ്ധ്യത്തിന്റെ വര്‍ദ്ധനവ് എന്നിവ ലക്ഷ്യമിട്ടാണ് ഈ സമുദ്ര-ജീവി സംരക്ഷണ/പ്രദർശന കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
സീവേൾഡ് പാർക്സ് ആൻഡ് എന്റർടൈമെന്റ്, മിറാൾ എന്നിവർ സംയോജിച്ചാണ് യാസ് ഐലൻഡിലെ സീവേൾഡ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സന്ദർശകർക്ക് സമുദ്രജലജീവികളെ അടുത്തറിയുന്നതിനും, അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനുമൊപ്പം, വിനോദം, ആഘോഷങ്ങൾ, ഭക്ഷണാനുഭവങ്ങൾ, ഷോപ്പിംഗ് എന്നിവയും ആസ്വദിക്കുന്നതിന് സീവേൾഡ് അവസരമൊരുക്കുന്നു.
അഞ്ച് ഇൻഡോർ ലെവലുകളിൽ ഏതാണ്ട് 183000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ ഒരുക്കിയിട്ടുള്ള സീവേൾഡ് ആഗോളതലത്തിൽ തന്നെ ഏറ്റവും ചെലവേറിയതും, വലുതുമായ ഇത്തരം പദ്ധതിയാണ്. ആകെ 25 ദശലക്ഷം ലിറ്ററിലധികം ജലം ഉൾകൊള്ളുന്ന ഈ അക്വേറിയത്തിൽ 68000-ത്തിൽ പരം സമുദ്രജല ജീവികൾ ഉണ്ടായിരിക്കും.
Cover Image: WAM.