റിയാദ് ബസ് സർവീസിന്റെ രണ്ടാം ഘട്ടം പ്രവർത്തനമാരംഭിച്ചതായി റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു. 2023 ജൂൺ 19-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
കിംഗ് അബ്ദുൽഅസീസ് പബ്ലിക് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ ഭാഗമായാണ് റിയാദ് ബസ് സർവീസ് ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യ ഘട്ടം 2023 മാർച്ച് 19-ന് പ്രവർത്തനമാരംഭിച്ചിരുന്നു.
റിയാദ് ബസ് സർവീസിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 9 പുതിയ റൂട്ടുകളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിൽ റൂട്ട് 11-ന്റെ ഒരു എക്സ്റ്റൻഷൻ സർവീസും ഉൾപ്പെടുന്നു.
റിയാദിലെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് 223 അധിക ബസുകളാണ് ഈ ഘട്ടത്തിൽ സേവനങ്ങൾ ആരംഭിച്ചിരിക്കുന്നത്. രണ്ടാം ഘട്ടം ആരംഭിച്ചതോടെ റിയാദ് ബസ് സർവീസിന്റെ കീഴിൽ അകെ 24 റൂട്ടുകളിൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്. അകെ 560 ബസുകളും, 1100 സ്റ്റേഷനുകളും, 1120 കിലോമീറ്റർ നീളത്തിലുള്ള സർവീസ് റൂട്ടുകളുമായാണ് നിലവിൽ റിയാദ് ബസ് സർവീസ് പ്രവർത്തിക്കുന്നത്.
റിയാദ് നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി. നഗരത്തിന്റെ വിവിധ ഇടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പദ്ധതി അടുത്ത് നാല് ഘട്ടങ്ങളിലൂടെ പൂർത്തിയാക്കുന്നതാണ്. റിയാദ് ബസ് സർവീസിന്റെ മുഴുവൻ ഘട്ടങ്ങളിലുമായി 86 റൂട്ടുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്.
റിയാദ് ബസ് പദ്ധതി പൂർത്തിയാകുന്നതോടെ 1900 കിലോമീറ്ററിൽ, 800-ൽ പരം ബസുകൾ റിയാദ് നഗരത്തിൽ ഗതാഗത സേവനങ്ങൾ നൽകുന്നതാണ്. ഇതിന്റെ ഭാഗമായി പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള ബസുകളാണ് ഉപയോഗിക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
Cover Image: @RCRCSA.