യു എ ഇ: വിദ്യാർത്ഥികൾക്കുള്ള സൗജന്യ COVID-19 PCR ടെസ്റ്റുകൾ SEHA-യുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാണ്

UAE

രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത SEHA ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും, SEHA-യുടെ കീഴിലുള്ള സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് സൗജന്യ COVID-19 PCR ടെസ്റ്റുകൾ ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 30-നാണ് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) ഇക്കാര്യം അറിയിച്ചത്.

അബുദാബി ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് SEHA ഈ സേവനം നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലേക്ക് സുരക്ഷിതരായി തിരികെ എത്തുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

2021 സെപ്റ്റംബർ 30 വരെ എല്ലാ സർക്കാർ, സ്വകാര്യ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്നും വിദ്യാർത്ഥികൾക്ക് സൗജന്യമായി COVID-19 PCR ടെസ്റ്റുകൾ നടത്താമെന്ന് അബുദാബി ഡിപ്പാർട്മെൻറ് ഓഫ് ഹെൽത്ത് അറിയിച്ചിട്ടുണ്ട്. SEHA-യുടെ കീഴിലുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങൾക്ക് പുറമെ G42 ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്നും ഈ സേവനം ലഭ്യമാണ്.

SEHA COVID-19 സ്ക്രീനിംഗ് സെന്ററുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് മുൻ‌കൂർ ബുക്കിംഗ് ഇല്ലാതെ, നേരിട്ടെത്തി ഈ പരിശോധനകൾ നടത്താവുന്നതാണ്. ശനിയാഴ്ച മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെയും, വെള്ളിയാഴ്ച രാവിലെ 10 മുതൽ രാത്രി 8 വരെയും SEHA COVID-19 സ്ക്രീനിംഗ് സെന്ററുകൾ പ്രവർത്തിക്കുന്നതാണ്.

വടക്കൻ എമിറേറ്റുകളിലെ വിദ്യാർത്ഥികൾക്ക് COVID-19 PCR പരിശോധന നടത്തുന്നതിനായുള്ള ആരോഗ്യ കേന്ദ്രങ്ങൾ സംബന്ധിച്ച് യു എ ഇ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിപ്പ് പുറത്തിറക്കിയിരുന്നു.

WAM