ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി സൗദിയിലെ ഹജ്ജ്, ഉംറ വകുപ്പ് ജൂലൈ 6-നു അറിയിച്ചു. ഈ വർഷത്തെ ഹജ്ജ്, നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനിച്ചതായി സൗദി ഹജ്ജ് മന്ത്രാലയം നേരത്തെ
അറിയിച്ചിരുന്നു. പരിമിതമായ അളവിൽ, ആഭ്യന്തര തീര്ഥാടകരെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടാണ് ഈ വർഷത്തെ തീർത്ഥാടനം നടത്തുന്നത്.
ഇത്തവണ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനു അനുവാദം നൽകാൻ ഉദ്ദേശിക്കുന്ന 10000 തീർത്ഥാടകാരിൽ, 70 ശതമാനം പേരെയും നിലവിൽ സൗദിയിലുള്ള പ്രവാസികളിൽ നിന്നായിരിക്കും തിരഞ്ഞെടുക്കുക എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ബാക്കി 30 ശതമാനം പേരെ സൗദി പൗരന്മാരിൽ നിന്നും മന്ത്രാലയം തിരഞ്ഞെടുക്കുന്നതാണ്. തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹമുള്ള പ്രവാസികൾക്കായുള്ള രജിസ്ട്രേഷൻ നടപടികൾ ജൂലൈ 6 മുതൽ ആരംഭിച്ചിട്ടുണ്ട്.
പൂർണ്ണമായും ആരോഗ്യവാന്മാരായവരിൽ നിന്നാണ് ഇത്തവണത്തെ തീർത്ഥാടകരെ തിരഞ്ഞെടുക്കുക എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന ആരോഗ്യ പ്രവർത്തകർ, സുരക്ഷാ ജീവനക്കാർ മുതലായവരിൽ നിന്ന്, രോഗം ഭേദമായ സൗദി പൗരന്മാരെയാണ് ഇത്തവണ തീർത്ഥാടനത്തിൽ പങ്കെടുപ്പിക്കുന്നത്. ഇത്തരം സൗദി പൗരന്മാരെ മന്ത്രാലയം, ആരോഗ്യ വകുപ്പുമായി ചേർന്ന് നേരിട്ട് തിരഞ്ഞെടുക്കും. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തകർക്കുള്ള ആദരസൂചകമായാണ് ഈ തീരുമാനം.
നിലവിൽ സൗദിയിലുള്ള പ്രവാസികൾക്ക് localhaj.haj.gov.sa എന്ന വെബ്സൈറ്റിലൂടെ തീർത്ഥാടനത്തിന് അനുവാദം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ജൂലൈ 6 മുതൽ ജൂലൈ 10 വരെയാണ് ഇതിനുള്ള അവസരം നൽകിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന തീർത്ഥാടകരുടെ വിവരങ്ങൾ അധികൃതർ ജൂലൈ 12-നു അറിയിക്കുന്നതാണ്.
താഴെപറയുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ള 20 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള, നിലവിൽ സൗദിയിലുള്ള നിവാസികൾക്കാണ് ഈ അപേക്ഷ നല്കാനാകുക:
- PCR പരിശോധനയിൽ രോഗബാധിതനല്ലാ എന്ന് തെളിയിക്കണം.
- രോഗലക്ഷണങ്ങൾ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉള്ളവർക്ക് അനുവാദം നൽകില്ല. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാൻ അനുവാദമില്ല.
- മുൻപ് ഹജ്ജ് തീർത്ഥാടനം നിർവഹിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാൻ അനുവാദമില്ല.
- ആരോഗ്യ വകുപ്പിന്റെ നിബന്ധനകൾ പ്രകാരം തീർത്ഥാടനത്തിന് മുൻപും, ശേഷവും 14 ദിവസം ക്വറന്റീനിൽ തുടരാൻ കഴിയുന്നവരായിരിക്കണം അപേക്ഷിക്കുന്നത്.
തിരഞ്ഞെടുക്കുന്നവരെ അധികൃതർ നേരിട്ട് വിവരം അറിയിക്കുന്നതാണ്.
ഈ വർഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട്, തീർത്ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതും, രോഗബാധ പകരുന്നതിനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കുന്നതും ലക്ഷ്യമിട്ടുള്ള ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടം കഴിഞ്ഞ ദിവസം സൗദി അറേബ്യ തയ്യാറാക്കിയതായി അറിയിച്ചിരുന്നു. സൗദി സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോളാണ് (Weqaya) ഈ മാനദണ്ഡങ്ങൾ തയ്യാറാക്കിയത്.