രാജ്യത്ത് നിശ്ചിത എണ്ണത്തിൽ കൂടുതൽ ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന പൗരമാർക്കും, പ്രവാസികൾക്കും ഒരു പ്രത്യേക തീരുവ ചുമത്താനുള്ള തീരുമാനം 2022 മെയ് 22 മുതൽ പ്രാബല്യത്തിൽ വന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ തീരുമാനത്തിന്റെ ആദ്യ ഘട്ടമാണ് മെയ് 22 മുതൽ നടപ്പിലാക്കിയിരിക്കുന്നത്.
ഈ തീരുമാനം പ്രകാരം, നാല് ഗാർഹിക ജീവനക്കാരിൽ കൂടുതൽ പേരെ നിയമിക്കുന്ന സൗദി പൗരന്മാരിൽ നിന്ന് വാർഷിക ഫീസ് ഇനത്തിൽ ഓരോ ജീവനക്കാരനും 9600 റിയാൽ ഈടാക്കുന്നതാണ്. രണ്ട് ഗാർഹിക ജീവനക്കാരിൽ കൂടുതൽ പേരെ നിയമിക്കുന്ന പ്രവാസി തൊഴിലുടമകൾക്ക് രണ്ടിൽ കൂടുതൽ വരുന്ന ഓരോ ഗാർഹിക ജീവനക്കാർക്കും ഇതേ തുക പ്രത്യേക ഫീസ് ആയി നൽകേണ്ടി വരുന്നതാണ്.
മെയ് 22 മുതൽ നടപ്പിലാക്കുന്ന ആദ്യ ഘട്ടത്തിൽ ഇത്തരത്തിൽ അധികമായി നിയമിക്കപ്പെടുന്ന പുതിയ ഗാർഹിക ജീവനക്കാർക്കാണ് ഈ തീരുവ ചുമത്തുന്നത്. ഓരോ തൊഴിലുടമയും അവർക്ക് നിശ്ചയിച്ചിട്ടുള്ള പരിധിയിൽ (സൗദി പൗരന്മാർക്ക് 4, വിദേശികൾക്ക് 2) കൂടുതലായി നിയമിക്കുന്ന ഓരോ പുതിയ ഗാർഹിക ജീവനക്കാർക്കും ഈ പ്രത്യേക ഫീസ് നൽകേണ്ടി വരുന്നതാണ്.
ഈ തീരുമാനത്തിന്റെ രണ്ടാം ഘട്ടത്തിൽ പുതിയതായി നിയമിക്കപ്പെടുന്നതും, നിലവിൽ നിയമിച്ചിട്ടുള്ളതുമായ അധികം ഗാർഹിക ജീവനക്കാർക്ക് തീരുവ ചുമത്തുന്നതാണ്. 2023 മെയ് 11 മുതലാണ് ഈ തീരുമാനത്തിന്റെ രണ്ടാം ഘട്ടം പ്രാബല്യത്തിൽ വരുന്നതെന്നാണ് സൂചന.
രാജ്യത്തെ ഗാർഹിക ജീവനക്കാർക്ക്, ഏതാനം വ്യവസ്ഥകൾക്ക് വിധേയമായി ഒരു പ്രത്യേക തീരുവ ചുമത്താൻ സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് 2022 മാർച്ച് ആദ്യവാരത്തിൽ തീരുമാനിച്ചിരുന്നു.
ഈ തീരുമാനത്തിൽ മാനുഷിക പരിഗണന ആവശ്യമാകുന്ന സാഹചര്യങ്ങളിൽ ചില പ്രത്യേക ഇളവുകൾക്കുള്ള വ്യവസ്ഥകൾ അനുവദിച്ചിട്ടുണ്ട്. ഇത് പ്രകാരം, അസുഖബാധിതരായ കുടുംബാംഗങ്ങളുടെയും, അംഗപരിമിതരായ കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിചരണത്തിനായി നിയമിക്കുന്ന ജീവനക്കാർക്ക് ഏതാനം വ്യവസ്ഥകളോടെ ഈ ഫീസ് ഒഴിവാക്കുന്നതാണ്.