ഏഴ് മുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്കായി ഒരു പരിസ്ഥിതി മത്സരം സംഘടിപ്പിക്കുന്നതായി ദി ഷാർജ അവാർഡ് ഫോർ വോളന്ററി വർക്ക് അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പരിസ്ഥിതി സംരക്ഷണ മേഖലയിൽ സന്നദ്ധസേവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സൃഷ്ടിപരമായ ആശയങ്ങൾ അവതരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഏഴ് മുതൽ പന്ത്രണ്ട് വയസ്സ് വരെയുള്ള കുട്ടികൾക്കായി ‘എൻവിറോണ്മെന്റ് ഹീറോസ്’ എന്ന മത്സരം സംഘടിപ്പിക്കുന്നത്.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട ഈ മത്സരത്തിൽ പങ്കെടുക്കുന്നവർ പരിസ്ഥിതി സംരക്ഷണത്തിൽ സന്നദ്ധസേവനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഒരു വ്യതിരിക്ത ആശയം അവതരിപ്പിക്കുന്ന 60 സെക്കൻഡിൽ കൂടാത്ത ഒരു ഹ്രസ്വ വീഡിയോ തയ്യാറാക്കേണ്ടതുണ്ട്. അഭിനയം, കഥപറച്ചിൽ, ചിത്രരചന, അല്ലെങ്കിൽ ദൈനംദിന ജീവിത രംഗങ്ങൾ പകർത്തൽ എന്നിങ്ങനെയുള്ള അവരുടെ വ്യക്തിപരമായ കഴിവുകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഫലപ്രദമായി അവരുടെ ആശയവിനിമയം നടത്താൻ കുട്ടികളെ ഇത് പ്രോത്സാഹിപ്പിക്കുന്നു.
പങ്കെടുക്കുന്നവർ യു എ ഇയിൽ താമസിക്കുന്നവരായിരിക്കണമെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിനായി സമർപ്പിക്കുന്ന വീഡിയോകൾ ഉയർന്ന നിലവാരമുള്ളതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്നതിന് അനുയോജ്യവുമായിരിക്കണം.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ അപേക്ഷകൾ info@sva.shj.ae എന്ന ഇമെയിൽ വിലാസത്തിൽ 2025 ജൂൺ 30-ന് മുമ്പ് സമർപ്പിക്കേണ്ടതാണ്. അന്തിമ വീഡിയോ 2025 ജൂലൈ 31-ന് മുമ്പ് സമർപ്പിക്കേണ്ടതാണ്. വിജയികളെ ഓഗസ്റ്റിൽ പ്രഖ്യാപിക്കുന്നതാണ്.
പരിസ്ഥിതി സന്ദേശത്തിന്റെ വ്യക്തത, അവതരണത്തിലും സംവിധാനത്തിലും ഉള്ള സർഗ്ഗാത്മകത, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ വീഡിയോയുടെ ആകർഷണം, അതുപോലെ തന്നെ നിർമ്മാണത്തിന്റെയും ശബ്ദത്തിന്റെയും മൊത്തത്തിലുള്ള ഗുണനിലവാരം എന്നിവയാണ് വിധിനിർണ്ണയ മാനദണ്ഡങ്ങൾ.
WAM