ഷാർജയിലെ അൽ സഹിയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് സ്പെഷ്യലൈസ്ഡ് ഫീൽഡ് ഹോസ്പിറ്റലിൽ PCR പരിശോധനകൾക്കും, രക്ത പരിശോധനകൾക്കുമായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ഒരു പുതിയ ലാബ് പ്രവർത്തനമാരംഭിച്ചു. ഷാർജ സെൻട്രൽ ലബോറട്ടറി എന്ന പേരിലുള്ള ഈ ലാബ് ഒക്ടോബർ 7-ന് ഷാർജ പോലീസ് കമാണ്ടർ ഇൻ ചീഫും, ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് വിഭാഗം തലവനുമായ മേജർ ജനറൽ സൈഫ് അൽ സരി അൽ ഷംസി ഉദ്ഘാടനം ചെയ്തു.
എമിറേറ്റിലെ വിവിധ ഉയർന്ന ഉദ്യോഗസ്ഥർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ലാബിൽ PCR പരിശോധനകൾക്ക് ആവശ്യമായ നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഷാർജയിലെയും, നോർത്തേൺ എമിരേറ്റുകളിലെയും ആരോഗ്യ പരിചരണ മേഖലയ്ക്ക് ഈ ലാബ് കരുത്ത് പകരുന്നതാണ്. കൊറോണ വൈറസ് പരിശോധനകൾക്ക് പുറമെ എല്ലാ തരം ക്ലിനിക്കൽ, ബാക്റ്റീരിയൽ, ബയോളോജിക്കൽ പരിശോധനകളും ഈ ലാബിൽ സാധ്യമാണ്.
പ്രതിദിനം 25000 സാമ്പിളുകൾ പരിശോധിക്കാവുന്ന രീതിയിലാണ് ഈ ലാബ് ഒരുക്കിയിട്ടുള്ളത്. അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമെങ്കിൽ ഈ പ്രതിദിന ശേഷി ഇരട്ടിയായി ഉയർത്തുന്നതിനുള്ള സംവിധാനങ്ങൾ ഈ ലാബിൽ ലഭ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
WAM. Cover Photo: Sharjah Government Media Bureau