വാണിജ്യ മേഖലയിലെ COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിൽ ഇതുവരെ 35971 പരിശോധനകൾ നടത്തിയതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് (SEDD) അറിയിച്ചു. കൊറോണ വൈറസ് മഹാമാരിയുടെ ആദ്യ ഘട്ടം മുതൽ 2020 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് SEDD ഈ പരിശോധനകൾ നടപ്പിലാക്കിയത്.
എമിറേറ്റിലുടനീളമുള്ള വ്യാപാര സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ മുതലായവയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്നതിലൂടെ സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് SEDD ഇത്തരം പരിശോധനകൾ തുടർച്ചയായി നടത്തിയിരുന്നത്. കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തന മാനദണ്ഡങ്ങൾ, സുരക്ഷാ നിർദ്ദേശങ്ങൾ എന്നിവ വാണിജ്യ മേഖലയിൽ നടപ്പിലാക്കുന്നതിൽ SEDD ഊർജ്ജിതമായ നടപടികളാണ് കൈക്കൊണ്ടതെന്ന് അധികൃതർ വ്യക്തമാക്കി.
ഷാർജയിലെ വ്യവസായ മേഖലകളിലാണ് ഏറ്റവും കൂടുതൽ പരിശോധനകൾ നടപ്പിലാക്കിയതെന്ന് SEDD അറിയിച്ചു. ഈ കാലയളവിൽ 16061 പരിശോധനകളാണ് SEDD ഇൻഡസ്ട്രിയൽ ഏരിയ ബ്രാഞ്ച് നടപ്പിലാക്കിയത്. സെൻട്രൽ റീജിയൻ ബ്രാഞ്ചിന് കീഴിൽ 12351 പരിശോധനകളും, ഖോർഫക്കാൻ ബ്രാഞ്ചിന് കീഴിൽ 4145 പരിശോധനകളും നടത്തിയതായി അധികൃതർ കൂട്ടിച്ചേർത്തു. കൽബ ബ്രാഞ്ചിന് കീഴിൽ 2400 പരിശോധനകളും, ദിബ്ബ അൽ ഹിസ്ൻ ബ്രാഞ്ചിന് കീഴിൽ 1014 പരിശോധനകളും നടപ്പിലാക്കി.
ഇത്തരം പരിശോധനകളിൽ ഭൂരിഭാഗം സ്ഥാപനങ്ങളിലും മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നതായി കണ്ടെത്തിയതായും SEDD അറിയിച്ചു. ഷാർജയിലെ വാണിജ്യ മേഖലയിലെ പ്രവർത്തനങ്ങളിൽ കൊറോണ വൈറസ് പ്രതിരോധത്തിനെ കുറിച്ചുള്ള പ്രാധാന്യവും, അവബോധവും ഇത് തെളിയിക്കുന്നതായി SEDD ഡയറക്ടർ ഖൽഫാൻ അൽ ഹെരാത്തി ചൂണ്ടിക്കാട്ടി.
ഇത്തരം നിർദ്ദേശങ്ങൾ വീഴ്ചവരുത്തുന്നവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിൽ സ്ഥാപനങ്ങൾ വരുത്തുന്ന വീഴ്ചകൾ, അഭിപ്രായങ്ങൾ മുതലായവ പൊതുജനങ്ങൾക്ക് 80080000 എന്ന നമ്പറിലൂടെ SEDD അധികൃതരെ അറിയിക്കാവുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.