എമിറേറ്റിലെ വാണിജ്യ മേഖലയിൽ ഏർപ്പെടുത്തിയിട്ടുള്ള COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്ന തീരുമാനത്തിന് ഷാർജ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ടീം അംഗീകാരം നൽകി. എമിറേറ്റിലെ ഏതാനം വാണിജ്യ മേഖലകളിലെ പരമാവധി അനുവദനീയമായ പ്രവർത്തനശേഷി ഉയർത്തുന്നതിനും കമ്മിറ്റി അനുമതി നൽകിയിട്ടുണ്ട്.
എമിറേറ്റിലെ ജനജീവിതം സാധാരണ രീതിയിലേക്ക് പടിപടിയായി തിരികെ കൊണ്ട് വരുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇതിന്റ ഭാഗമായി താഴെ പറയുന്ന ഇളവുകൾ ഷാർജയിൽ നടപ്പിലാക്കുന്നതാണ്:
- ഷോപ്പിംഗ് മാളുകൾക്ക് പരമാവധി 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.
- സിനിമാശാലകൾ, മറ്റു വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് പരമാവധി 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി.
- വിവാഹ ഹാളുകൾക്ക് പരമാവധി 60 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ഇത്തരത്തിൽ പരമാവധി 300 അതിഥികൾക്ക് വരെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാം. മുഴുവൻ അതിഥികളും മാസ്കുകൾ, സമൂഹ അകലം തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.
- എക്സിബിഷൻ, സാമൂഹിക, സാംസ്‌കാരിക ചടങ്ങുകൾ, കലാപരിപാടികൾ എന്നിവയിൽ ആറ് മാസത്തിനിടയിൽ COVID-19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനം. ഇത്തരം വേദികളിലെത്തുന്ന സന്ദർശകർ 48 മണിക്കൂറിനിടയിൽ നേടിയ PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
Cover Photo:@sharjahmedia