കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഷാർജയിലെ പൊതുപരിപാടികളും, ചടങ്ങുകളും മാർച്ച് അവസാനം വരെ താത്കാലികമായി ഒഴിവാക്കാൻ എടുത്തിരുന്ന തീരുമാനം, ഏപ്രിൽ അവസാനം വരെ നീട്ടിയതായി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. ഈ കാലയളവിൽ ആഘോഷപരിപാടികളും, സാമൂഹ്യ ചടങ്ങുകളും, കലാകായിക വിനോദ പരിപാടികളും ഉൾപ്പടെ എല്ലാ പൊതു പരിപാടികളും ഒഴിവാക്കുന്നത് തുടരും. മാർച്ച് 29, ഞായറാഴ്ച്ചയാണ് ഈ തീരുമാനം അറിയിച്ചത്.
സമൂഹത്തിൽ COVID-19 വ്യാപിക്കുന്നത് തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി കൈക്കൊണ്ട ഈ തീരുമാനം കൊറോണാ വൈറസിനെ കൂടുതൽ ശക്തിയായി ചെറുക്കുന്നതിനാണ് ഒരു മാസം കൂടി കാലാവധി നീട്ടാൻ തീരുമാനിച്ചത്. പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും കല്യാണ ഹാളുകളും, ചടങ്ങുകൾ സംഘടിപ്പിക്കുന്ന കേന്ദ്രങ്ങളും ഈ കാലയളവിൽ അടച്ചിടും.
നിലവിൽ ഏപ്രിൽ 1 മുതൽ ഏപ്രിൽ അവസാനം വരെ ഈ വിലക്കുകൾ നീട്ടുന്നതായും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമെങ്കിൽ കാലാവധി വീണ്ടും നീട്ടുമെന്നും അധികൃതർ അറിയിച്ചു.