എമിറേറ്റിലെ സാമൂഹിക ചടങ്ങുകൾ, സ്വകാര്യ ഒത്ത്‌ചേരലുകൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഷാർജ ഡിപ്പാർട്മെന്റ് ഓഫ് സബർബ്സ് ആൻഡ് വില്ലേജ് അഫയേഴ്‌സ് അറിയിച്ചു. വീടുകളിലും, സബർബൻ കൗൺസിലുകളിലും സംഘടിപ്പിക്കുന്ന സാമൂഹിക ചടങ്ങുകൾക്ക് ബാധകമാകുന്ന നിർദ്ദേശങ്ങളാണിവ.
ഫെബ്രുവരി 7, ഞായറാഴ്ച്ചയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിന്റെ ഭാഗമായി വിവാഹം, മറ്റു സാമൂഹിക ചടങ്ങുകൾ എന്നിവയിൽ ഏർപ്പെടുത്തേണ്ട മുൻകരുതൽ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.
- വീടുകളിൽ വെച്ച് നടത്തുന്ന വിവാഹം പോലുള്ള ചടങ്ങുകളിൽ പരമാവധി 20 പേർക്കാണ് പങ്കെടുക്കാൻ അനുമതി നൽകിയിട്ടുള്ളത്.
- ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന മുഴുവൻ പേരും 4 മീറ്റർ എങ്കിലും സാമൂഹിക അകലം ഉറപ്പാക്കേണ്ടതാണ്.
- ഹസ്തദാനം, ആലിംഗനം, ചുംബനം തുടങ്ങിയ അഭിവാദ്യ രീതികൾ ഒഴിവാക്കേണ്ടതാണ്.
- ചടങ്ങുകൾ നടക്കുന്ന മുഴുവൻ സമയവും മാസ്കുകൾ നിർബന്ധമാണ്.
- അണുനശീകരണ സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതാണ്.
- ഇത്തരം ചടങ്ങുകളിൽ ഭക്ഷണം വിളമ്പുന്നതിന് ഉപയോഗിക്കുന്ന മേശകളിൽ പരമാവധി ഉൾപ്പെടുത്താനാവുന്ന കസേരകളുടെ പകുതി എണ്ണം മാത്രമേ ഏർപ്പെടുത്താവൂ. ഇതനുസരിച്ച് പത്ത് പേർക്കിരിക്കാവുന്ന മേശകളിൽ പരമാവധി അഞ്ച് പേർക്കാണ് ഇരിക്കാൻ അനുമതി.
- മേശകൾക്കിടയിൽ 2 മീറ്ററെങ്കിലും അകലം ഉറപ്പാക്കേണ്ടതാണ്.
- ചടങ്ങുകളുടെ പരമാവധി ദൈർഘ്യം നാല് മണിക്കൂറാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
- തത്സമയം അവതരിപ്പിക്കുന്ന സംഗീത പരിപാടികൾ, മറ്റു വിനോദ പരിപാടികൾ എന്നിവ ഇത്തരം ചടങ്ങുകളിൽ അനുവദിക്കുന്നതല്ല.