ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം പൊതു പാർക്കിംഗ് ഇടങ്ങൾ സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു. 2021 ജൂലൈ 20 മുതൽ 22 വരെയാണ് പാർക്കിംഗ് സൗജന്യമാക്കിയിരിക്കുന്നത്.
ഈ ഇളവ് അറഫ ദിനമായ ജൂലൈ 19-ന് ബാധകമാക്കിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 19-ന് സാധാരണ രീതിയിലുള്ള പാർക്കിംഗ് ഫീ ഈടാക്കുന്നതാണ്. ആഴ്ചയിൽ ഏഴ് ദിവസവും പെയ്ഡ് പാർക്കിംഗ് ഏർപ്പെടുത്തിയിട്ടുള്ള പാർക്കിംഗ് ഇടങ്ങൾക്ക് ഈ ഇളവ് ബാധകമല്ല.
രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ദുൽ ഹജ്ജ് ഒമ്പത് (ജൂലൈ 19) മുതൽ നാല് ദിവസത്തേക്കായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചിട്ടുണ്ട്. രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ദുൽ ഹജ്ജ് ഒമ്പത് (ജൂലൈ 19) മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചിട്ടുണ്ട്.
COVID-19 സുരക്ഷാ നിബന്ധനകൾ പാലിച്ച് കൊണ്ട് രാജ്യത്തെ പള്ളികളിൽ ഈദുൽ അദ്ഹ പ്രാർത്ഥനകൾ നടത്തുന്നതിന് വിശ്വാസികൾക്ക് അനുമതി നൽകുമെന്ന് യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റി (NCEMA) അറിയിച്ചിട്ടുണ്ട്.