യു എ ഇ: ഷാർജ സഫാരി ഫെബ്രുവരി 17-ന് സന്ദർശകർക്ക് തുറന്ന് കൊടുക്കും

UAE

സന്ദർശകർക്ക് വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ കണ്ടറിയുന്നതിന് അവസരമൊരുക്കുന്ന ഷാർജ സഫാരി ഇന്ന് (2022 ഫെബ്രുവരി 17, വ്യാഴാഴ്ച്ച) മുതൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതാണ്. ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്കാണ് ഷാർജ സഫാരി.

അൽ ധൈദിലെ അൽ ബ്രിദി റിസേർവിലാണ് എട്ട് സ്‌ക്വയർ കിലോമീറ്ററോളം വിസ്തൃതിയുള്ള ഷാർജ സഫാരി ഒരുക്കിയിരിക്കുന്നത്. നൂറ്റിയിരുപതിൽ പരം വന്യജീവികൾ, ആഫ്രിക്കയിൽ കണ്ട് വരുന്ന ഒരു ലക്ഷത്തോളം മരങ്ങൾ എന്നിവ ഷാർജ സഫാരിയുടെ ആകർഷണങ്ങളാണ്.

Source: WAM.

ഷാർജ സഫാരി പാർക്ക് സന്ദർശിക്കുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ടിക്കറ്റ് നിരക്കുകൾ അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്:

ബ്രോൺസ് ടിക്കറ്റ്:

കാൽനടയായുള്ള സഫാരി ടൂർ ആണ് ഈ ടിക്കറ്റ് എടുക്കുന്ന സന്ദർശകർക്ക് ലഭിക്കുന്നത്. രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ നീണ്ട് നിൽക്കുന്നതാണ് ഇത്തരം ടൂറുകൾ. ബ്രോൺസ് ടിക്കറ്റ് എടുക്കുന്നവർക്ക് ഷാർജ സഫാരിയിലെ ‘ഇൻ ടു ആഫ്രിക്ക’ എന്ന സഫാരി പ്രദേശം സന്ദർശിക്കുന്നതിനാണ് അനുവദിക്കുന്നത്.

ടിക്കറ്റ് നിരക്ക് – 40 ദിർഹം (12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്). 15 ദിർഹം (3 മുതൽ 12 വരെ പ്രായമുള്ളവർക്ക്)

സിൽവർ ടിക്കറ്റ്:

സാധാരണ ബസ് ഉപയോഗിച്ചുള്ള സഫാരി ടൂർ ആണ് ഈ ടിക്കറ്റ് എടുക്കുന്ന സന്ദർശകർക്ക് ലഭിക്കുന്നത്. അഞ്ച് മുതൽ ആറ് മണിക്കൂർ വരെ നീണ്ട് നിൽക്കുന്നതാണ് ഇത്തരം ടൂറുകൾ. സിൽവർ ടിക്കറ്റ് എടുക്കുന്നവർക്ക് ഷാർജ സഫാരിയിലെ ‘സെറെൻഗേറ്റി’ എന്ന സഫാരി പ്രദേശം ഒഴികെയുള്ള ഇടങ്ങൾ സന്ദർശിക്കുന്നതിനാണ് അനുവദിക്കുന്നത്.

ടിക്കറ്റ് നിരക്ക് – 120 ദിർഹം (12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്). 50 ദിർഹം (3 മുതൽ 12 വരെ പ്രായമുള്ളവർക്ക്). ഇരുപത് ആളുകളിൽ കൂടുതലുള്ള ടൂറിസ്റ്റ് സംഘങ്ങൾക്ക് ഒരാൾക്ക് 100 ദിർഹം (12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്; 3 മുതൽ 12 വരെ പ്രായമുള്ളവർക്ക് 25 ദിർഹം) എന്ന പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭിക്കുന്നതാണ്.

ഗോൾഡ് ടിക്കറ്റ്:

ലക്ഷുറി വാഹനങ്ങൾ ഉപയോഗിച്ചുള്ള സഫാരി ടൂർ ആണ് ഈ ടിക്കറ്റ് എടുക്കുന്ന സന്ദർശകർക്ക് ലഭിക്കുന്നത്. അഞ്ച് മുതൽ ആറ് മണിക്കൂർ വരെ നീണ്ട് നിൽക്കുന്നതാണ് ഇത്തരം ടൂറുകൾ. ഗോൾഡ് ടിക്കറ്റ് എടുക്കുന്നവർക്ക് ഷാർജ സഫാരിയിലെ എല്ലാ സഫാരി പ്രദേശങ്ങളും സന്ദർശിക്കാവുന്നതാണ്. ഇവർക്ക് ഒരു പ്രൈവറ്റ് ഗൈഡിന്റെ സേവനവും ലഭ്യമാക്കുന്നതാണ്.

ടിക്കറ്റ് നിരക്ക് – 275 ദിർഹം (12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്). 120 ദിർഹം (3 മുതൽ 12 വരെ പ്രായമുള്ളവർക്ക്). ആറ് പേർ അടങ്ങുന്ന സംഘങ്ങൾക്ക് 1500 ദിർഹം, ഒമ്പത് പേർ അടങ്ങുന്ന സംഘങ്ങൾക്ക് 2250 ദിർഹം, പതിനഞ്ച് പേർ അടങ്ങുന്ന സംഘങ്ങൾക്ക് 3500 ദിർഹം എന്നിങ്ങനെ പ്രത്യേക നിരക്കുകളിലും ഗോൾഡ് ടിക്കറ്റ് ഉപയോഗിച്ച് ലക്ഷുറി വാഹനങ്ങളിൽ സഫാരി നടത്താവുന്നതാണ്.

ഷാർജ സഫാരി പ്രവർത്തന സമയം:

തിങ്കൾ മുതൽ ഞായർ വരെ – രാവിലെ 8.30 മുതൽ വൈകീട്ട് 6.30 വരെ. ഗോൾഡ്, സിൽവർ ടിക്കറ്റുകളിലുള്ളവർ ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി പാർക്കിൽ പ്രവേശിക്കേണ്ടതാണ്. ബ്രോൺസ് ടിക്കറ്റുകളിലുള്ളവർ വൈകീട്ട് 4 മണിക്ക് മുൻപായി സഫാരി പാർക്കിൽ പ്രവേശിക്കേണ്ടതാണ്.

Cover Image: WAM.