ഷാർജ: പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടുന്നതിനുള്ള കാലാവധി സംബന്ധിച്ച് മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി

UAE

പിടിച്ചെടുക്കപ്പെട്ട ശേഷം ആറ് മാസത്തെ കാലാവധി പൂർത്തിയാക്കിയിട്ടുള്ള വാഹനങ്ങളുടെ ഉടമകളോട് കൺട്രോൾ ആൻഡ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്റുമായി ബന്ധപ്പെടാൻ ഷാർജ സിറ്റി മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി. മുനിസിപ്പാലിറ്റിയുടെ സാമൂഹിക മാധ്യമ അകൗണ്ടുകളിലൂടെയാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് പങ്ക് വെച്ചത്.

പിടിച്ചെടുക്കപ്പെട്ട ശേഷം 6 മാസത്തെ കാലാവധി കഴിഞ്ഞ വാഹനങ്ങൾ, മോട്ടോർ ബൈക്കുകൾ, സൈക്കിളുകൾ, മറ്റു യന്ത്രസാമഗ്രികൾ എന്നിവയുടെ ഉടമസ്ഥർ (ഇവ വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാത്തവർ) ജൂലൈ 11, തിങ്കളാഴ്ച മുതൽ നാല് ദിവസത്തിനകം കൺട്രോൾ ആൻഡ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്മെന്റുമായി ബന്ധപ്പെടേണ്ടതാണ്. ഇൻഡസ്ട്രിയൽ ഏരിയ 5-ലെ ഡിപ്പാർട്ടമെന്റ് ഓഫീസുമായാണ് ഇവർ ബന്ധപ്പെടേണ്ടത്.

ഇത്തരത്തിൽ നാല് ദിവസത്തിനകം ബന്ധപ്പെടാത്ത ഉടമകളുടെ പിടിച്ചെടുക്കപ്പെട്ട വാഹനങ്ങൾ, യന്ത്രസാമഗ്രികൾ മുതലായവ പൊതു ലേലത്തിൽ വിൽക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.