സൈബർ തട്ടിപ്പ്: ബാങ്ക് രേഖകൾ ആരുമായും പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

featured GCC News

ബാങ്കിങ്ങ് മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു സൈബർ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2022 ജൂലൈ 11-നാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം വ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള ഒരു നൂതന തട്ടിപ്പ് ഒമാനിൽ വ്യാപകമാകുന്നതായി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, പ്രാദേശിക ബാങ്കുകളുടെയും, സ്ഥാപനങ്ങളുടെയും ഔദ്യോഗിക ലോഗോ ഉൾപ്പടെയുള്ളവ ഉൾപ്പെടുത്തി, തീർത്തും വിശ്വസനീയമെന്ന് തോന്നുന്ന തരത്തിൽ, വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും, ഇത് ഒഴിവാക്കുന്നതിന് വിവിധ രേഖകൾ, വിവരങ്ങൾ എന്നിവ പങ്ക് വെക്കണമെന്നുമുള്ള രീതിയിൽ വരുന്ന ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്നും, ഇവയുടെ വലയിൽ കുടുങ്ങരുതെന്നും പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് വിവരങ്ങൾ, ബാങ്ക് കാർഡ് വിവരങ്ങൾ മുതലായവ ഒരു കാരണവശാലും ബാങ്കുമായി ബന്ധപ്പെട്ടതെന്ന വ്യാജേന സമീപിക്കുന്ന മറ്റു വ്യക്തികൾക്കോ, സംഘടനകൾക്കോ നൽകരുതെന്ന് പോലീസ് കൂട്ടിച്ചേർത്തു.