സിറ ഖോർഫക്കൻ ദ്വീപിനെ ഒരു പുരാവസ്തു സംരക്ഷണ കേന്ദ്രമാക്കുന്നതിനുള്ള തീരുമാനത്തിന് ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പുരാതന കാലം മുതൽ തന്നെ ഈ മേഖലയിൽ സിറ ഖോർഫക്കൻ ദ്വീപിന് ഉണ്ടായിരുന്ന പ്രത്യേക പദവിയെ അംഗീകരിക്കുന്നതും, ഈ ദ്വീപിന്റെ ചരിത്രപരവും പുരാവസ്തുശാസ്ത്രപരവുമായ പ്രാധാന്യം എടുത്ത് കാട്ടുന്നതുമാണ് ഈ തീരുമാനം. പുരാവസ്തു സംരക്ഷണ കേന്ദ്രമായി അംഗീകരിച്ചതോടെ കാര്യമായ പരിവർത്തനതിന് തയ്യാറെടുക്കുകയാണ് ഈ ദ്വീപ്.
ഷാർജ ആർക്കിയോളജി അതോറിറ്റി നടത്തിയ പ്രാഥമിക സർവേകളുടെയും പുരാവസ്തു പഠനങ്ങളുടെയും അടിസ്ഥാനത്തിൽ, ചരിത്രപരമായി പ്രാധാന്യമുള്ള മറ്റൊരു നഗരമായ ഖോർഫക്കാനെ അഭിമുഖീകരിക്കുന്ന രീതിയിൽ, പടിഞ്ഞാറൻ ഭാഗത്താണ് ഈ ദ്വീപിലെ മനുഷ്യവാസം പ്രാഥമികമായി കേന്ദ്രീകരിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ദ്വീപിൽ വടക്ക് നിന്ന് തെക്ക് വരെയുള്ള തീരപ്രദേശങ്ങളിൽ നിന്ന് മൺപാത്ര ശകലങ്ങൾ വ്യാപകമായി കണ്ടെത്തിയിരുന്നു.
ഇത് കൂടാതെ പാർപ്പിട കെട്ടിടങ്ങൾ, കാർഷിക ആവശ്യങ്ങൾക്കായി നിർമ്മിച്ച ടെറസുകൾ, സെമിത്തേരികൾ, പർവതത്തിന്റെ മുകളിൽ നിർമ്മിച്ചിട്ടുള്ള ഒരു നിരീക്ഷണ പ്രദേശം എന്നിവയും ഇവിടെ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭക്ഷണ സ്രോതസ്സായി ഉപയോഗിച്ചിരുന്ന കക്കകൾ, കടലിന് അഭിമുഖമായി തീരത്തെ അഭിമുഖീകരിക്കുന്ന രീതിയിൽ കല്ല് കൊണ്ടുള്ള ഉമ്മറപ്പടികളോട് കൂടിയ ഒരു ചതുരാകൃതിയിലുള്ള കെട്ടിടം എന്നിവയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ ദ്വീപിലെ പ്രധാന കുടിയേറ്റ കാലഘട്ടം ഷാർജ ആർക്കിയോളജി അതോറിറ്റി രണ്ട് ഘട്ടങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തേത് എ ഡി 13 മുതൽ 16 വരെയുള്ള നൂറ്റാണ്ടുകൾ വരെയും, രണ്ടാമത്തേത് എ ഡി 18 മുതൽ 19 നൂറ്റാണ്ട് വരെയുമാണ്.
എ ഡി പതിമൂന്നാം നൂറ്റാണ്ടിൽ നിന്നുള്ള മൺപാത്രങ്ങളും, എ ഡി പതിനേഴാം നൂറ്റാണ്ടിൽ നിന്നുള്ള ചീനക്കളിമണ്‍പാത്രങ്ങള്‍, മിനുക്ക് രീതിയിൽ പച്ച നിറത്തിൽ ഒരുക്കിയിട്ടുള്ള മൺപാത്രങ്ങൾ എന്നിവയും ഈ ദ്വീപിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തെക്കൻ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതെന്ന് കരുതുന്ന പതിനാറ്, പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിലെ മൺപാത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതോറിറ്റി ദ്വീപിൽ നിന്ന് കണ്ടെത്തിയിട്ടുളള ചെമ്പ് ഉപയോഗിച്ച് പുനഃസ്ഥാപിച്ചിട്ടുള്ള ഒരു കൽതടത്തിന്റെ അടിത്തറയുടെ ഒരു ഭാഗം ഈ പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രത്തെ സൂചിപ്പിക്കുന്നു.
ഇവിടെ നടത്തിയ പുരാവസ്തു സർവേകൾ ദ്വീപിന്റെ ചരിത്രപരമായ പ്രാധാന്യം സ്ഥിരീകരിക്കുന്നതാണ്. കിഴക്ക് നിന്ന് ഖോർഫക്കാന്റെ പ്രവേശന കവാടത്തെ അഭിമുഖീകരിക്കുന്ന അതിന്റെ തന്ത്രപ്രധാനമായ സ്ഥാനം കാരണം സിറ ഖോർഫക്കൻ ദ്വീപിന് ചരിത്രപരമായ മൂല്യമുണ്ട്. ഒമാൻ കടലിലെ കടൽ ഗതാഗതം നിരീക്ഷിക്കുന്നതിനുള്ള തന്ത്രപ്രധാനമായതും, പിടിച്ചടക്കാനസാദ്ധ്യമായതുമായ ഒരു ദ്വീപ് എന്ന സ്ഥാനവും സിറ ഖോർഫക്കൻ ദ്വീപിനുണ്ട്.
WAM