ഡിസംബർ 4 മുതൽ എമിറേറ്റിലെ 487 പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ഷാർജ ഡിപ്പാർട്മെന്റ് ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് (SDISA) അറിയിച്ചു. രാജ്യത്തെ പള്ളികളിൽ ഡിസംബർ 4 മുതൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് അനുവാദം നൽകാൻ തീരുമാനിച്ചു കൊണ്ടുള്ള യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) തീരുമാനത്തെ തുടർന്നാണ് SDISA ഇത്തരം ഒരു അറിയിപ്പ് പുറത്തിറക്കിയത്.
കർശനമായ സുരക്ഷാ നിർദ്ദേശങ്ങളോടെയാണ് എമിറേറ്റിലെ പള്ളികളിൽ വിശ്വാസികൾക്ക് വെള്ളിയാഴ്ച്ച പ്രാർത്ഥനകളിൽ പങ്കെടുക്കാൻ അനുമതി നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി തുറക്കുന്നതിന് അനുമതി നൽകിയിട്ടുള്ള പള്ളികളുടെ പട്ടിക https://sia.gov.ae/uploads/topics/16051777915266.pdf എന്ന വിലാസത്തിൽ ലഭ്യമാണ്.
ഇതിൽ 327 പള്ളികൾ ഷാർജ സിറ്റിയിലും, 92 പള്ളികൾ സെൻട്രൽ റീജിയണിലും, 68 പള്ളികൾ ഈസ്റ്റേൺ റീജിയണിലും സ്ഥിതി ചെയ്യുന്നവയാണ്. വെള്ളിയാഴ്ച്ച പ്രാർത്ഥനകൾ അനുവദിച്ചിട്ടുള്ള പള്ളികളിലെത്തുന്ന വിശ്വാസികൾ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങളും SDISA പുറത്തിറക്കിയിട്ടുണ്ട്.
- പള്ളികളിലെത്തുന്ന വിശ്വാസികൾ മാസ്കുകൾ ധരിക്കേണ്ടതാണ്.
- പള്ളികളിൽ 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
- പള്ളികളിലെത്തുന്ന വിശ്വാസികൾ നിസ്കാര പായകൾ കൈവശം കരുതേണ്ടതാണ്.
- സമൂഹ അകലം ഉറപ്പാക്കുന്നതിനായി പള്ളികളുടെ ഉൾവശങ്ങളിലും, നിലത്തും സ്ഥാപിച്ചിട്ടുള്ള അടയാളങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.