കണ്ണഞ്ചിക്കുന്ന ഡ്രോൺ പ്രദർശനങ്ങളുടെ അകമ്പടിയോടെ 2022-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 18-ന് ആരംഭിച്ചു. അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം നടത്തുന്നത്.
2022 നവംബർ 18 മുതൽ ആരംഭിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2023 മാർച്ച് 18 വരെ നീണ്ട് നിൽക്കുന്നതാണ്. ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നാലായിരത്തിലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉദ്‌ഘാടനത്തിന്റെ ഭാഗമായി നിരവധി യു എ ഇ പൗരന്മാരും, പ്രവാസികളും, സന്ദർശകരും ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിലെത്തി. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ ദിനത്തിൽ ഷെയ്ഖ് സായിദ് പൈതൃകോത്സവവേദിയിൽ എമിറാത്തി പൈതൃക കലാരൂപങ്ങൾ, സൈനികപൈതൃകം എടുത്ത് കാട്ടുന്ന സംഗീതപരിപാടികൾ, ഡ്രോൺ ഷോ, കലാപരിപാരികൾ, കായികവിനോദങ്ങൾ എന്നിവ അരങ്ങേറി.
സന്ദർശകർക്ക് ഹരം പകർന്ന് കൊണ്ട് ഷെയ്‌ഖ സായിദ് ഫെസ്റ്റിവൽ വേദിയുടെ മാനത്ത് ഡ്രോണുകൾ മായികകാഴ്ചകൾ തീർത്തു. ഉദ്ഘാടത്തിന്റെ ഭാഗമായി ഗംഭീര വെടിക്കെട്ടും ഒരുക്കിയിരുന്നു.
യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ സാംസ്കാരികോത്സവം, രാജ്യത്തിൻറെ പൈതൃക തനിമ, പാരമ്പര്യം എന്നിവ എടുത്തുകാട്ടുന്നു.
സന്ദർശകർക്ക് യു എ ഇയുടെ വ്യത്യസ്തങ്ങളായ പരമ്പരാഗത രീതികളും, സംസ്കാരവും അതിന്റെ കലാരൂപങ്ങൾ, കരകൗശല വിദ്യകൾ, ഭക്ഷണം, ആചാരം മുതലായവയും അടുത്തറിയാൻ ഷെയ്ഖ് സായിദ് പൈതൃകോത്സവം സഹായിക്കുന്നു.
4,000-ലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ള ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഇതിന് പുറമെ 750 പ്രധാന പൊതു പ്രകടനങ്ങളും, പ്രവർത്തനങ്ങളും അരങ്ങേറുന്നതാണ്. 120 ദിവസം നീണ്ട് നിൽക്കുന്ന ഈ പൈതൃകോത്സവം സന്ദർശകർക്ക് മുൻപിൽ സന്തോഷത്തിന്റെയും, വിനോദത്തിന്റെയും, സംസ്കാരത്തിന്റെയും നിറക്കാഴ്ചകൾ ഒരുക്കുന്നു.
‘യു എ ഇ: നാഗരികതകളെ ഒരുമിപ്പിക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഷെയ്ഖ് സായിദ് പൈതൃകോത്സവം സംഘടിപ്പിക്കുന്നത്. യു എ ഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വർഷാവർഷം നടത്തിവരുന്ന ഈ മേള ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക ഉത്സവമാണ്.
2022 നവംബർ 18 മുതൽ 2023 മാർച്ച് 18 വരെ ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 12 മണിവരെയാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിലേക്ക് സന്ദർശകർക്ക് പ്രവേശനം നൽകുന്നത്. അഞ്ച് ദിർഹമാണ് ടിക്കറ്റിന്റെ നിരക്ക്. മൂന്ന് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കും, അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രവേശനം സൗജന്യമാണ്.