അബുദാബി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നാല് ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചു

featured GCC News

ഈ വർഷത്തെ പുതുവത്സരാഘോഷ വേളയിൽ അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി നാല് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു. 2023 ജനുവരി 1-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023-നെ വരവേൽക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സന്ദർശകരാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിലെത്തിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

Source: WAM.

പുതുവത്സരരാവിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പിറന്ന നാല് ഗിന്നസ് റെക്കോർഡുകളിൽ മൂന്നെണ്ണം കരിമരുന്ന് പ്രദർശനവുമായി ബന്ധപ്പെട്ടും, ഒരു റെക്കോർഡ് ഡ്രോൺ ഷോയുമായി ബന്ധപ്പെട്ടുള്ളതുമാണെന്ന് ഗിന്നസ് അധികൃതർ വ്യക്തമാക്കി.

Source: WAM.

പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് ഫെസ്റ്റിവൽ വേദിയിൽ നടന്ന വെടിക്കെട്ട് പ്രദർശനവും, ഡ്രോൺ ഷോയും അറുപത് മിനിറ്റോളം നീണ്ട് നിന്നു. മേഖലയിൽ ഇത്തരം ഒരു പ്രദർശനം ആദ്യമായാണ് നടന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

മുപ്പത് സെക്കന്റിനകം ഏറ്റവും കൂടുതൽ തവണ നടന്ന വായുവിൽ കറങ്ങുന്ന തരത്തിലുള്ള കരിമരുന്ന് പ്രയോഗം, മുപ്പത് സെക്കന്റിനകം ഏറ്റവും കൂടുതൽ തവണ നടന്ന പിൻവീൽ തരത്തിലുള്ള കരിമരുന്ന് പ്രയോഗം, മുപ്പത് സെക്കന്റിനുള്ളിൽ ഏറ്റവും കൂടുതൽ തവണ കരിമരുന്ന് പ്രയോഗത്താൽ തീർത്ത ദൃശ്യം എന്നീ ഗിന്നസ് റെക്കോർഡുകളാണ് കരിമരുന്ന് പ്രദർശനവുമായി ബന്ധപ്പെട്ട് സ്ഥാപിക്കപ്പെട്ടത്. ഡ്രോണുകൾ ഉപയോഗിച്ച് മാനത്ത് തീർത്ത ഏറ്റവും വലിയ QR കോഡ് എന്ന ഗിന്നസ് റെക്കോർഡും ഷെയ്ഖ് ഫെസ്റ്റിവൽ വേദി സ്വന്തമാക്കി.

Source: WAM.

2023-നെ സ്വാഗതം ചെയ്ത് കൊണ്ട് 3000 ഡ്രോണുകളാണ് അൽ വത്ബയുടെ മാനത്ത് ഭീമാകാരമായ വലിപ്പത്തിലുള്ള മായിക കാഴ്ച്ചകൾ ഒരുക്കിയത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിലെ ഹെറിറ്റേജ് വില്ലേജിൽ വിവിധ കലാ, സാംസ്‌കാരിക പരിപാടികൾ നടന്നു.

പങ്കെടുക്കുന്ന രാജ്യങ്ങളുടെ പവലിയനുകളിൽ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന കാർണിവൽ വിനോദ പ്രകടനങ്ങൾ, അന്താരാഷ്ട്ര കലാ-സാംസ്കാരിക പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു. എമിറേറ്റ്സ് ഫൗണ്ടൻ ആൻഡ് ലേസർ ഷോ എല്ലാ വിഭാഗത്തിലുള്ള സന്ദർശകരെയും ആകർഷിച്ചു.

2023-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചിരുന്നു.

കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചിരുന്നു.

നേർരേഖയിലെ ഏറ്റവും നീളമേറിയ വെടിക്കെട്ട് പ്രദർശനം, ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വായുവിൽ കറങ്ങുന്ന തരത്തിലുള്ള കരിമരുന്ന് പ്രയോഗം എന്നീ രണ്ട് വ്യത്യസ്ഥ ഗിന്നസ് റെക്കോർഡുകളാണ് 2021-നെ വരവേറ്റുകൊണ്ട് ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി സ്ഥാപിച്ചത്.

2022-ലെ പുതുവർഷവേളയിൽ വലിപ്പത്തിലും, ദൈർഘ്യത്തിലും, ആകൃതിയിലും ഗിന്നസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്ന കരിമരുന്ന് പ്രദർശനത്തിന് ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി സാക്ഷ്യം വഹിച്ചു.

WAM