2021-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 18 മുതൽ ആരംഭിക്കുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു. അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം നടത്തുന്നത്. യു എ ഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വർഷാവർഷം നടത്തിവരുന്ന ഈ മേള ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക ഉത്സവമാണ്.
ഈ വർഷത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2021 നവംബർ 18 മുതൽ 2022 ഏപ്രിൽ 1 വരെ നീണ്ട് നിൽക്കുന്നതാണ്. ഈ വർഷത്തെ മേള യു എ ഇയുടെ നാഗരികതയുടെ ആഴം, രാജ്യത്തിന്റെ പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മേഖലയിലെ ഏറ്റവും മികച്ച സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ അബുദാബിയുടെ പെരുമ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കുന്നതിന് 2021-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ കാരണമാകുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.
യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ സാംസ്കാരികോത്സവം, രാജ്യത്തിൻറെ പൈതൃക തനിമ, പാരമ്പര്യം എന്നിവ എടുത്തുകാട്ടുന്നു. സന്ദർശകർക്ക് യു എ ഇയുടെ വ്യത്യസ്തങ്ങളായ പരമ്പരാഗത രീതികളും, സംസ്കാരവും അതിന്റെ കലാരൂപങ്ങൾ, കരകൗശല വിദ്യകൾ, ഭക്ഷണം, ആചാരം മുതലായവയും അടുത്തറിയാൻ ഷെയ്ഖ് സായിദ് പൈതൃകോത്സവം സഹായിക്കുന്നു. ഇതോടൊപ്പം സഞ്ചാരികൾക്ക് ഷെയ്ഖ് സായിദിന്റെ പൈതൃകം, അദ്ദേഹം മുന്നോട്ട് വെച്ച മൂല്യങ്ങൾ എന്നിവയും ഈ മേളയിലൂടെ മനസ്സിലാക്കാവുന്നതാണ്.
2021-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ യു എ ഇയുടെ പൈതൃകം സംരക്ഷിക്കുന്നതിനും, പൊതുജനങ്ങളുടെ അവബോധം വളർത്തുന്നതിനും, വിനോദം പ്രദർശിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികൾ ഉൾപ്പെടുത്തുന്നതാണ്. ദേശീയ ദിനാഘോഷങ്ങൾ, അന്തർദേശീയ നാഗരികതയുടെ മാർച്ച്, പുതുവത്സര ആഘോഷങ്ങൾ, അൽ വത്ബ കോസ്റ്റ്യൂം ഷോ തുടങ്ങിയ പരിപാടികൾ 2021-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ പ്രധാന ആകർഷണങ്ങളായിരിക്കും.
രാജ്യത്തിന്റെ സ്വത്വം പ്രതിഫലിപ്പിക്കുന്ന ഒരു മുൻനിര സാംസ്കാരിക പൈതൃക പരിപാടി എന്ന നിലയിൽ ഉത്സവത്തിന്റെ ഔന്നത്യം മെച്ചപ്പെടുത്തുന്ന പുതിയ പ്രവർത്തനങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഈ ഫെസ്റ്റിവലിന്റെ സംഘാടക സമിതി എപ്പോഴും താൽപ്പര്യപ്പെടുന്നു. ഒരു പരുന്തിനെയും, അൽ മക്ത പാലത്തെയും ഉൾപ്പെടുത്തി, രാജ്യത്തിന്റെ ഭൂതകാല പാരമ്പര്യങ്ങളും ശോഭനമായ ഭാവിയും വരാനിരിക്കുന്ന 50 വർഷത്തേക്കുള്ള ശുഭാപ്തി വീക്ഷണവും പ്രതിഫലിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ പുതിയ വിഷ്വൽ മീഡിയ ഐഡന്റിറ്റി സംഘാടകർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
WAM [Cover Photo: @ZayedFestival]