ദുബായ്: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും മാളുകൾക്കും ജൂൺ 3 മുതൽ 100% ശേഷിയിൽ പ്രവർത്തിക്കുന്നതിനു അനുമതി

GCC News

ദുബായിലെ ഷോപ്പിംഗ് മാളുകൾക്കും, സ്വകാര്യ മേഖലയിലെ വാണിജ്യ സ്ഥാപനങ്ങൾക്കും ജൂൺ 3, ബുധനാഴ്ച്ച മുതൽ 100% ശേഷിയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകികൊണ്ട് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി. ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് ഇത് സംബന്ധിച്ച അറിയിപ്പുകൾ ജൂൺ 2-നു വൈകീട്ട് പുറത്തുവിട്ടു.

നിലവിലെ അണുനശീകരണ പ്രവർത്തനങ്ങളുടെ സമയക്രമത്തിനനുസരിച്ച്, പൊതുജനങ്ങൾക്ക് യാത്രാനുമതിയുള്ള, രാവിലെ 6 മുതൽ രാത്രി 11 വരെയുള്ള സമയങ്ങളിൽ സ്ഥാപനങ്ങൾക്കും, മാളുകൾക്കും പ്രവർത്തിക്കാവുന്നതാണ്. ഓരോ സ്ഥാപങ്ങളുടെയും പ്രവർത്തന സമയം അതാത് സ്ഥാപനങ്ങൾക്ക് പൊതുജനങ്ങളുടെ യാത്രാനുമതിയുള്ള സമയങ്ങൾക്കനുസരിച്ച് നിശ്ചയിക്കാവുന്നതാണ്.

ദുബായിലെ വാണിജ്യ മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്. എന്നാൽ, COVID-19 വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ ഇത്തരം സ്ഥാപനങ്ങളിലും മാളുകളിലും ജീവനക്കാരുടെയും, സന്ദർശകരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:

  • സ്ഥാപനങ്ങൾ ജീവനക്കാർക്കും, സന്ദർശകർക്കും, ഉപഭോക്താക്കൾക്കും ശരീരോഷ്മാവ് അളക്കുന്നതുൾപ്പടെയുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കണം.
  • രോഗബാധ സംശയിക്കുന്നവർക്കായി പ്രത്യേക ഐസൊലേഷൻ സംവിധാനങ്ങൾ ഒരുക്കണം.
  • ആരോഗ്യ വകുപ്പ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ സ്ഥാപനങ്ങളിൽ വിട്ടുവീഴ്ച്ച കൂടാതെ നടപ്പിലാക്കണം.
  • സ്ഥാപനങ്ങളിലെ കാന്റീനുകളിൽ ഒരേ സമയം കൂടുതൽ ആളുകൾ ഒത്തുകൂടുന്നത് ഒഴിവാക്കണം.
  • ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ള സ്വകാര്യാ മേഖലയിലെ ജീവനക്കാർക്ക് കഴിയുന്നതും വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള അനുവാദം നൽകണം.
  • ജീവനക്കാർ, സന്ദർശകർ, ഉപഭോക്താക്കൾ എന്നിവർക്ക് മാസ്കുകൾ നിർബന്ധമാണ്.
  • ആളുകൾ തമ്മിൽ 2 മീറ്റർ എങ്കിലും അകലം ഉറപ്പാക്കണം.
  • സാനിറ്റൈസറുകൾ ഉറപ്പാക്കണം.

ഇവ കർശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ ഉണ്ടാകുമെന്നും, മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാത്ത സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.