സ്വന്തം ജീവിതം തന്നെ അനാഥ കുട്ടികൾക്കായി മാറ്റിവെച്ച, 1500-ൽ പരം കുട്ടികളുടെ അമ്മയും തണലുമായിരുന്ന, ‘അനാഥരുടെ അമ്മ’ സിന്ധുതായ് സപ്ക്കൽ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.
2022 ജനുവരി 4, ചൊവ്വാഴ്ച്ച മഹാരാഷ്ട്രയിലെ പുണെയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകൾ 2022 ജനുവരി 5-ന് ഉച്ചയ്ക്ക് നടക്കും.
മഹാരാഷ്ട്രയിലെ വർദ്ധ ജില്ലയിൽ 1948 നവംബർ 14-ന് ജനിച്ച സിന്ധുതായ് സപ്ക്കൽ മനുഷ്യകുലത്തിന്റെ നിലനിൽപ്പിന് മനുഷ്യത്വം അനിവാര്യമാണെന്ന് സ്വന്തം ജീവിതത്താൽ നമ്മെ പഠിപ്പിച്ചു.
സിന്ധുതായ് സപ്ക്കലിന്റെ നിര്യാണത്തിൽ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ഉദ്ധവ് താക്കറെ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
2021-ൽ രാഷ്ട്രം ഈ അമ്മയെ പത്മശ്രീ നൽകി ആദരിച്ചു.
കരുതൽ എന്നത് ഒരമ്മയുടെ കരുത്താണെന്ന് തെളിയിച്ച ആ ജീവിതത്തിനു മുന്നിൽ പ്രണാമം അർപ്പിക്കുന്നു.