ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനകാലത്ത് ഔദ്യോഗിക പെർമിറ്റ്, സ്മാർട്ട് കാർഡ് എന്നിവ ഇല്ലാത്തവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
ഓരോ വ്യക്തിക്കും അനുവദിക്കുന്ന ഹജ്ജ് പെർമിറ്റ്, അവരുടെ ഇലക്ട്രോണിക് സ്മാർട്ട് കാർഡ്, ഐഡി കാർഡ് എന്നിവയുമായി ബന്ധപ്പെടുത്തിയിട്ടുണ്ടാകുമെന്ന് ഹജ്ജ്, ഉംറ വകുപ്പ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്തഹ് മഷാത് വ്യക്തമാക്കി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രമാണ് ഹജ്ജ് പെർമിറ്റുകൾക്ക് അപേക്ഷിക്കാനാകുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രാലയം തങ്ങളുടെ ഓൺലൈൻ സംവിധാനത്തിലൂടെ പ്രഖ്യാപിച്ചിട്ടുള്ള ഹജ്ജ് പാക്കേജുകൾക്ക് പുറമെ, ഇത്തരം സേവനങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപ്പെടുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു സ്ഥാപനങ്ങൾക്ക് ഇത്തരം പെർമിറ്റുകൾ അനുവദിക്കാനുള്ള അനുമതിയില്ലെന്നും, ഇത്തരം നടപടികൾ നിയമലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ഹജ്ജ് പെർമിറ്റുകൾ ‘Absher’ സംവിധാനത്തിലൂടെ മാത്രമാണ് നൽകുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഹജ്ജ് പാക്കേജുകൾ തിരഞ്ഞെടുക്കുന്നവരുടെ വിവരങ്ങൾ അവരുടെ ‘Absher’, ഐഡി എന്നിവയുമായി ബന്ധപ്പെടുത്തുന്നതാണ്.
എന്താണ് ഹജ്ജ് സ്മാർട്ട് കാർഡ്?
ഹജ്ജ് തീർത്ഥാടകർക്കായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം ഒരുക്കുന്ന സേവനങ്ങളും, പ്രവർത്തനങ്ങളും സംയോജിപ്പിക്കുന്നതിനായാണ് രണ്ട് വർഷം മുൻപ് മന്ത്രാലയം ഈ പ്രത്യേക സ്‍മാർട്ട് കാർഡ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയത്. 2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ ഈ സ്മാർട്ട് കാർഡ് സംവിധാനം പ്രയോഗക്ഷമമാക്കുമെന്ന് ആ അവസരത്തിൽ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2019-ലെ ഹജ്ജ് തീർത്ഥാടന വേളയിൽ ഈ സംവിധാനത്തിന്റെ പരീക്ഷണങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകർക്ക് ഇത്തരം സ്‍മാർട്ട് കാർഡുകൾ നൽകിയിരുന്നു.
ഹൃസ്വ-ദൂര വയർലെസ്സ് സാങ്കേതികവിദ്യയായ നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) അടിസ്ഥാനമാക്കിയാണ് ഈ സ്മാർട്ട് കാർഡ് സംവിധാനം പ്രവർത്തിക്കുന്നത്. ഈ സാങ്കേതികവിദ്യയിലൂടെ NFC ഉപകരണങ്ങൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ സാധിക്കുന്നതാണ്. വിവിധ വിശൂദ്ധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള, തീർത്ഥാടകർക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന, കിയോസ്ക് സംവിധാനങ്ങളിൽ ഈ കാർഡുകൾ ഉപയോഗിക്കാവുന്നതാണ്. ഈ കാർഡുകളിലടങ്ങിയ ബാർകോഡ് ഉപയോഗപ്പെടുത്തികൊണ്ട്, വിവിധ സേവനങ്ങൾക്കായി തീർത്ഥാടകരുടെ വിവരങ്ങൾ പരിശോധിക്കുന്നതിനും സാധിക്കുന്നതാണ്.
ഓരോ ഹജ്ജ് തീർത്ഥാടകർക്കും അനുവദിക്കുന്ന ഇത്തരം സ്‍മാർട്ട് കാർഡുകളിൽ, തീർത്ഥാടകരുടെ സ്വകാര്യ വിവരങ്ങൾ, മെഡിക്കൽ വിവരങ്ങൾ, റെസിഡൻഷ്യൽ വിവരങ്ങൾ തുടങ്ങിയവ ലഭ്യമാകുന്ന രീതിയിലാണ് മന്ത്രാലയം ഈ സംവിധാനം ഒരുക്കുന്നത്. ഓരോ വിശൂദ്ധ കേന്ദ്രങ്ങളിൽ നിന്നും തീർത്ഥാടകരെ തങ്ങളുടെ താമസയിടങ്ങളിലേക്ക് നയിക്കുന്നതിനും, ഓരോ വിശൂദ്ധ കേന്ദ്രങ്ങളിലേക്കും പ്രവേശനം ലഭ്യമാക്കുന്നതിനും, മറ്റു സേവനങ്ങൾക്കും ഈ സ്മാർട്ട് കാർഡ് ഉപയോഗിക്കുന്നതാണ്. നിയമാനുസൃതമല്ലാതെ എത്തുന്ന തീർത്ഥാടകരെ പരമാവധി കണ്ടെത്തി തടയുന്നതിനും ഈ സംവിധാനം സഹായകമാണ്.
2021-ലെ ഹജ്ജ് തീർത്ഥാടനം.
60000 ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. 2021-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ജൂൺ 13 മുതൽ ആരംഭിച്ചിരുന്നു. രണ്ട് ഘട്ടങ്ങളായാണ് ഈ രജിസ്ട്രേഷൻ നടപ്പിലാക്കുന്നത്. 2021 ജൂൺ 13 മുതൽ ജൂൺ 23 വരെയുള്ള ആദ്യ ഘട്ടത്തിൽ http://localhaj.haj.gov.sa/ എന്ന വിലാസത്തിൽ തീർത്ഥാടനത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 2021 ജൂൺ 25 മുതലുള്ള രണ്ടാം ഘട്ടത്തിൽ ഇത്തരത്തിൽ ലഭിച്ചിട്ടുള്ള മുഴുവൻ രജിസ്ട്രേഷനുകളും തരംതിരിക്കുന്ന നടപടികളും, തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നടപടികളും ആരംഭിക്കുന്നതാണ്.
നിലവിൽ സൗദിയിലുള്ള 18-നും, 65-നും ഇടയിൽ പ്രായമുള്ളവരായ പൗരന്മാർക്കും, പ്രവാസികൾക്കും മാത്രമാണ് രജിസ്റ്റർ ചെയ്യാൻ അനുമതി. രജിസ്റ്റർ ചെയ്യുന്നവർ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരോ, ആദ്യ ഡോസ് വാക്സിനെടുത്ത ശേഷം 14 ദിവസം പൂർത്തിയാക്കിയവരോ, രോഗമുക്തി നേടിയ ശേഷം വാക്സിൻ സ്വീകരിച്ചവരോ ആയിരിക്കണമെന്നും, ഇവർക്ക് വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരിക്കരുതെന്നും സൗദി ഹജ്ജ്, ഉംറ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്തവർക്ക് രജിസ്റ്റർ ചെയ്യാൻ അനുമതിയില്ല.
ഈ വർഷത്തെ ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തികളും പ്രത്യേകമായി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. ഹജ്ജിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് പുരുഷന്മാരായ രക്ഷകർത്താക്കൾ കൂടാതെ മറ്റു സ്ത്രീകൾക്കൊപ്പം രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
നിലവിൽ സൗദിയിലുള്ള എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഈ രജിസ്ട്രേഷനിൽ പങ്കെടുക്കാവുന്നതാണെന്ന് ഹജ്ജ്, ഉംറ വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പൗരത്വം അടിസ്ഥാനമാക്കി പ്രത്യേക പരിഗണനകൾ ഉണ്ടാകില്ല. ഇതുവരെ ഹജ്ജ് അനുഷ്ഠിക്കാൻ അവസരം ലഭിക്കാത്ത, അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക പരിഗണന നൽകുന്നതാണ്. പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവർ, വാക്സിനെടുക്കാത്തവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഈ വർഷത്തെ തീർത്ഥാടന കാലയളവിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട പുണ്യസ്ഥാനങ്ങളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
Photo: spa.gov.sa