ആഗോള പ്രവാസി റിഷ്താ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളോട് ആവശ്യപ്പെട്ടു

GCC News

കോൺസുലാർ സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിനും, അടിയന്തിര പ്രാധാന്യമുള്ള വിവരങ്ങൾ സംബന്ധിച്ച് കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനുമായി ആഗോള പ്രവാസി റിഷ്താ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ ദുബായിലെയും, വടക്കൻ എമിറേറ്റുകളിലെയും പ്രവാസി ഇന്ത്യക്കാരോട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിലും, മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസി ഇന്ത്യക്കാർക്ക്, അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായും, ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയവുമായും സുഗമമായി ബന്ധപ്പെടുന്നതിനായാണ് ഈ ഓൺലൈൻ പോർട്ടൽ 2020 ഡിസംബർ 30-ന് ആരംഭിച്ചത്.

“ഇന്ത്യൻ സമൂഹവുമായി കൂടുതൽ എളുപ്പത്തിൽ സംവദിക്കുന്നതിനായാണ് ആഗോള പ്രവാസി റിഷ്താ പോർട്ടൽ എന്ന ഇലക്ട്രോണിക് പ്ലാറ്റ്ഫോം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. ഈ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിന് എല്ലാ പ്രവാസി ഇന്ത്യക്കാരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.”, ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക അറിയിപ്പിലൂടെ വ്യക്തമാക്കി.

ഈ റജിസ്ട്രേഷനിലൂടെ യു എ ഇയിലെ എംബസിയിലും, കോൺസുലേറ്റിലും പ്രവാസി ഇന്ത്യക്കാരുടെ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതിന് സാധിക്കുന്നതാണ്. ഇന്ത്യൻ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യു എ ഇയിലെ ഇന്ത്യക്കാരുടെ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് ഏറെ സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

https://pravasirishta.gov.in/home എന്ന വിലാസത്തിൽ ഈ പോർട്ടൽ ലഭ്യമാണ്. ആഗോളതലത്തിൽ വിവിധരാജ്യങ്ങളിലായി പരന്നു കിടക്കുന്ന 31 ദശലക്ഷത്തോളം വരുന്ന വിദേശ ഇന്ത്യൻ സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും, ഇവർക്ക് ആവശ്യമായ വിവിധ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഈ പോർട്ടലിലൂടെ വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നു.

വിദേശകാര്യ മന്ത്രാലയം, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ, വിദേശ ഇന്ത്യക്കാർ എന്നിവർക്കിടയിൽ പരസ്പരം ആശയവിനിമയം സാധ്യമാക്കുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കുന്നത്. അടിയന്തിര ഘട്ടങ്ങളിലെ ജാഗ്രതാ നിർദ്ദേശങ്ങൾ, വിവിധ സാഹചര്യങ്ങളിലെ നിർദ്ദേശങ്ങൾ എന്നിവ നൽകുന്നതിനൊപ്പം, വിദേശ ഇന്ത്യക്കാർക്ക് അടിയന്തിര സഹായങ്ങൾ ഉറപ്പാക്കുന്നതിനും ഈ പോർട്ടൽ ലക്ഷ്യമിടുന്നു. ഈ പോർട്ടലിൽ നിന്ന് പ്രവാസികൾക്ക് രാജ്യം, അതാത് രാജ്യങ്ങളിലെ നയതന്ത്രകാര്യാലയം എന്നിവ തിരഞ്ഞെടുത്ത ശേഷം വിവിധ സേവനങ്ങൾ ലഭിക്കുന്നതാണ്.