ഖത്തർ: ഒക്ടോബർ 1 മുതൽ മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് സ്മാർട്ട്കാർഡ് സ്കാനിംഗ് നിർബന്ധമാക്കുന്നു

featured GCC News

മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് 2023 ഒക്ടോബർ 1 മുതൽ സ്മാർട്ട്കാർഡ് സ്കാനിംഗ് നിർബന്ധമാക്കാൻ തീരുമാനിച്ചതായി ഖത്തർ അധികൃതർ അറിയിച്ചു. 2023 സെപ്റ്റംബർ 24-നാണ് മൊവാസലാത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/mowasalatqatar/status/1705869538607198523

ഈ അറിയിപ്പ് പ്രകാരം മെട്രോലിങ്ക് സേവനങ്ങൾ ഉപയോഗിക്കുന്നവർ ഒക്ടോബർ 1 മുതൽ മെട്രോലിങ്ക് ബസിൽ കയറുന്ന അവസരത്തിലും, ബസിൽ നിന്ന് ഇറങ്ങുന്ന അവസരത്തിലും സ്മാർട്ട്കാർഡ് സ്കാൻ ചെയ്യേണ്ടി വരുന്നതാണ്. ഇതിനായി യാത്രികർക്ക് കർവാ സ്മാർട്ട്കാർഡ് അല്ലെങ്കിൽ കർവാ ജേർണി പ്ലാനർ ആപ്പിലെ ക്യു ആർ കോഡ് എന്നിവ ഉപയോഗിക്കാവുന്നതാണ്.

മെട്രോലിങ്ക് സേവനങ്ങൾ സൗജന്യമായി തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കർവാ ജേർണി പ്ലാനർ ആപ്പ് ഉപയോഗിക്കുന്നവർ ബസിൽ കയറുന്നതിന് മുൻപായി ആപ്പിൽ ലോഗ്-ഇൻ ചെയ്യേണ്ടതും, ഇ-ടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതുമാണ്.

ഈ ക്യു ആർ ടിക്കറ്റ് ഒരുതവണ മാത്രമേ ഡൗൺലോഡ് ചെയ്യേണ്ടതുള്ളൂ എന്നും, പിന്നീടുള്ള എല്ലാ മെട്രോലിങ്ക് യാത്രകൾക്കും ഈ ടിക്കറ്റിന് സാധുതയുണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. ഈ ആപ്പിലെ ക്യു ആർ കോഡ് ബസിലുള്ള ടിക്കറ്റ് റീഡറിൽ സ്കാൻ ചെയ്യാവുന്നതാണ്.