സംസ്ഥാനത്ത് കോവിഡ് 19 വൈറസ്ബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് രോഗവ്യാപനം തടയുന്നതിന് എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളിൽ ട്രഷറികൾ മുഖേനയുള്ള കേരള സംസ്ഥാന പെൻഷൻ വിതരണത്തിനായി വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അതത് ദിവസങ്ങളിൽ പറഞ്ഞിരിക്കുന്ന പി.ടി.എസ്.ബി അക്കൗണ്ട് നമ്പറിലുള്ള പെൻഷൻകാർക്ക് മാത്രമേ ഈ ദിവസം ട്രഷറികളിൽ നിന്നും പെൻഷൻ വിതരണം നടത്തുകയുള്ളൂ.
നിശ്ചയിക്കപ്പെട്ട ദിവസം മാത്രമേ ട്രഷറിയിൽ പെൻഷൻ സ്വീകരിക്കാൻ വരേണ്ടതുള്ളൂ. തിയതി, പെൻഷൻ വിതരണം നടത്തുന്ന അക്കൗണ്ടുകൾ എന്ന ക്രമത്തിൽ ചുവടെ:
- ഏപ്രിൽ രണ്ട്- പി.ടി.എസ്.ബി. അക്കൗണ്ട് നമ്പർ പൂജ്യത്തിലും (0) ഒന്നിലും (1) അവസാനിക്കുന്ന പെൻഷൻകാർ,
- ഏപ്രിൽ മൂന്ന്- പി.ടി.എസ്.ബി. അക്കൗണ്ട് നമ്പർ രണ്ടിലും (2) മൂന്നിലും (3) അവസാനിക്കുന്ന പെൻഷൻകാർ,
- ഏപ്രിൽ നാല്- പി.ടി.എസ്.ബി. അക്കൗണ്ട് നമ്പർ നാലിലും (4) അഞ്ചിലും (5) അവസാനിക്കുന്ന പെൻഷൻകാർ,
- ഏപ്രിൽ ആറ്- പി.ടി.എസ്.ബി. അക്കൗണ്ട് നമ്പർ ആറിലും (6) ഏഴിലും (7) അവസാനിക്കുന്ന പെൻഷൻകാർ,
- ഏപ്രിൽ ഏഴ്- പി.ടി.എസ്.ബി. അക്കൗണ്ട് നമ്പർ എട്ടിലും (8) ഒമ്പതിലും (9) അവസാനിക്കുന്ന പെൻഷൻകാർ.
ഒരു സമയം ട്രഷറി കാഷ്/ ടെല്ലർ കൗണ്ടറുകൾക്കു സമീപം പരമാവധി അഞ്ച് ആളിനെ മാത്രം അനുവദിക്കുകയുള്ളൂ. വരിനിൽക്കേണ്ട സാഹചര്യം ഉണ്ടായാൽ അനുവദനീയമായ ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഇടപാടുകാർ ഉറപ്പു വരുത്തണം. ഇടപാടുകൾക്കായി ട്രഷറികളിൽ എത്തുന്ന എല്ലാവരും ട്രഷറിയിൽ പ്രവേശിക്കുന്നതിനുമുൻപായി കൈകൾ സോപ്പോ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിച്ചോ കൈകൾ അണുവിമുക്തമാക്കിയിരിക്കേണ്ടതും മുഖാവരണം ധരിച്ചിരിക്കേണ്ടതുമാണ്.
ട്രഷറികളിൽ നേരിട്ട് എത്തുവാൻ കഴിയാതെ വരുന്ന പെൻഷൻകാർ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങൾ ഒപ്പിട്ട ചെക്കിനോടൊപ്പം സമർപ്പിക്കുകയാണെങ്കിൽ ആവശ്യപ്പെടുന്ന തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു നൽകുന്നതിനും അപേക്ഷ നൽകുന്ന പെൻഷൻകാർക്ക് അവരുടെ അക്കൗണ്ടുകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ സൗകര്യം ലഭ്യമാക്കുന്നതിനുമുള്ള ക്രമീകരണങ്ങളും ട്രഷറികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.