യു എ ഇ നാഷണൽ ഡേ: 2022 നവംബർ 24 മുതൽ ഡിസംബർ 3 വരെ ഷാർജയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കും

featured GCC News

യു എ ഇയുടെ അമ്പത്തൊന്നാം ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ പത്ത് ദിവസം നീണ്ട് നിൽക്കുന്ന സാംസ്‌കാരിക പരിപാടികളും, ആഘോഷപരിപാടികളും സംഘടിപ്പിക്കുമെന്ന് ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റി അറിയിച്ചു. 2022 നവംബർ 21-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എമിറേറ്റിലെ പൗരന്മാരെയും, പ്രവാസികളെയും, സന്ദർശകരെയും ഉൾപ്പെടുത്തിക്കൊണ്ട് അതിവിപുലമായ രീതിയിലായിരിക്കും ഈ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ മിദ്ഫ വ്യക്തമാക്കി. ഷാർജ നാഷണൽ ഡേ സെലിബ്രേഷൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ദേശീയദിനാഘോഷങ്ങൾ ഓരോ വർഷവും കൂടുതൽ മികവുറ്റതും, ബൃഹത്തായതുമായി മാറുന്നതായി അദ്ദേഹം അറിയിച്ചു.

ഈ വർഷത്തെ യു എ ഇ നാഷണൽ ഡേ ആഘോഷങ്ങൾ 2022 നവംബർ 24 മുതൽ ഡിസംബർ 3 വരെ ഷാർജയുടെ വിവിധ ഭാഗങ്ങളിൽ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. യു എ ഇയുടെ ദേശീയ സത്വം, പൈതൃകം, ചരിത്രം, സംസ്കാരം, ഐതീഹ്യങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന രീതിയിൽ ഇത്തരം ആശയങ്ങൾ ഉൾകൊള്ളുന്ന രീതിയിലാണ് ആഘോഷപരിപാടികൾ ഒരുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മെലീഹയിൽ നിന്ന് ആരംഭിക്കുന്ന ആഘോഷങ്ങൾ തുടർന്ന് ഷാർജയുടെ നഗരഹൃദയത്തിലേക്കും, കിഴക്കന്‍ നഗരങ്ങളിലേക്കും, അൽ ഹംരിയയിലേക്കും വ്യാപിക്കുന്നതാണ്. ദേശീയദിനാഘോഷങ്ങളുടെ സമാപനം ഷാർജ നാഷണൽ പാർക്കിൽ വെച്ചായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ സംഗീത പരിപാടി നവംബർ 26-ന് അൽ മജാസ് ആംഫിതീയറ്ററിൽ വെച്ച് നടത്തുന്നതാണ്. ലത്തീഫ, ബെൽഗൈസ് തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കുന്നതാണ്. രണ്ടാമത്തെ സംഗീത പരിപാടി 2022 ഡിസംബർ 3-ന് ഖോർഫക്കാൻ ആംഫിതീയറ്ററിൽ വെച്ച് നടത്തുന്നതാണ്. ഐദ അൽ മിന്ഹാലി, ഡയാന ഹദ്ദാദ് എന്നിവർ ഈ പരിപാടിയിൽ പങ്കെടുക്കും.

എമിറേറ്റിലെ എല്ലാ തീരപ്രദേശ നഗരങ്ങളിലും ആഘോഷങ്ങളുടെ ഭാഗമായി ഷാർജ ഇന്റർനാഷണൽ മറൈൻ സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ പ്രത്യേക നാവികപ്രകടനങ്ങളും, പരിപാടികളും സംഘടിപ്പിക്കുന്നതാണ്.

WAM. Cover Photo: File photo from WAM.