കൊറോണാ വൈറസ് ബാധിതരായ പ്രവാസികളുടെ ചികിത്സാ ചിലവുകൾ അവരുടെ തൊഴിലുടമകൾ അല്ലെങ്കിൽ സ്പോൺസർ വഹിക്കണമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. ഒമാനിലെ COVID-19 സാഹചര്യങ്ങളെ കുറിച്ച് വിശദീകരിച്ച് കൊണ്ടുള്ള മെയ് 14-ലെ പത്ര സമ്മേളനത്തിലാണ് ഡോ. അഹമ്മദ് അൽ സൈദി ഇക്കാര്യം പരാമർശിച്ചത്.
രാജ്യത്ത് സൗജന്യമായി COVID-19 ചികിത്സകൾ നൽകിവരുന്നുണ്ടെങ്കിലും, ഇത്തരം ചികിത്സകൾ സാമ്പത്തികമായി യാതൊരു പിന്തുണയുമില്ലാത്ത പ്രവാസികൾക്കായാണ് നടപ്പിലാക്കുന്നത്. “സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും, സ്‌പോൺസർമാരില്ലാത്തവരുമായ പ്രവാസികളായ കൊറോണാ ബാധിതർക്ക് സർക്കാർ സൗജന്യ COVID-19 പരിശോധനയും, ചികിത്സകളും നൽകി വരുന്നുണ്ട്. എന്നാൽ നിയമപരമായി പ്രവാസികളുടെ ഇത്തരം ചികിത്സാച്ചിലവുകൾ വഹിക്കാൻ സ്‌പോൺസർമാർ ബാദ്ധ്യസ്ഥരാണ്.” ഡോ അൽ സൈദി വ്യക്തമാക്കി.