പാരിസ്ഥിതിക പ്രതിബദ്ധത, കാലാവസ്ഥാ പ്രവർത്തനം എന്നിവയുടെ മുൻനിര ഉദാഹരണമാണ് യു എ ഇ അവതരിപ്പിക്കുന്നതെന്ന് കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി അറിയിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് യു എ ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം ബിന്റ് മുഹമ്മദ് അൽമെഹെരി ഇക്കാര്യം അറിയിച്ചത്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി യു എ ഇ പരിസ്ഥിതി സംരക്ഷണത്തിലും, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിലും ഊന്നിയുള്ള വികസന തന്ത്രമാണ് പിന്തുടരുന്നതെന്നും, കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് യു എ ഇ വ്യതിരിക്തമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
“നമുക്കും നമ്മുടെ കുട്ടികൾക്കും, വരും തലമുറകൾക്കും ഒരു നല്ല ഭാവി കെട്ടിപ്പടുക്കുന്നതിനായി നമുക്ക് ഒരു ഭൂമിയും ഒരു ഗ്രഹവും മാത്രമേയുള്ളൂവെന്ന് നാം പൂർണ്ണമായും തിരിച്ചറിയേണ്ടതുണ്ട്. പ്രകൃതിയെ സംരക്ഷിക്കുന്നതിൽ നാം ഇന്ന് പരാജയപ്പെട്ടാൽ, നാളെ നമുക്ക് സുസ്ഥിരമായ ഒരു ഭാവി ഉണ്ടാകില്ല. ഭാവിയെ അടിസ്ഥാനമാക്കിയുള്ള കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്ന യു എ ഇ നേതൃത്വത്തിന്റെ നയത്തിലൂടെ രാജ്യം ലോകത്തിന് മുന്നിൽ പരിസ്ഥിതി പ്രതിബദ്ധതയുടെയും കാലാവസ്ഥാ പ്രവർത്തനത്തിന്റെയും ഒരു പ്രധാന ഉദാഹരണം അവതരിപ്പിക്കുന്നു. ‘ഒരു ഭൂമി മാത്രം’ എന്ന പ്രമേയത്തിലൂന്നിക്കൊണ്ട് 2022, ജൂൺ 5-ന് ആചരിക്കുന്ന ലോക പരിസ്ഥിതി ദിനത്തിൽ നമ്മുടെ ഗ്രഹത്തിന്റെ ആരോഗ്യത്തിന് ഭീഷണിയായ വെല്ലുവിളികൾക്കെതിരായ പ്രാദേശികവും ആഗോളവുമായ യു എ ഇയുടെ വിജയങ്ങളുടെ നീണ്ട ട്രാക്ക് റെക്കോർഡ് ഞങ്ങൾ ആഘോഷിക്കുന്നു.”, ലോക പരിസ്ഥിതി ദിന സന്ദേശത്തിന്റെ ഭാഗമായി അവർ അറിയിച്ചു.
2050 സ്ട്രാറ്റജിക് ഇനിഷ്യേറ്റീവിലൂടെ യു എ ഇ നെറ്റ് സീറോ എന്ന നേട്ടം കൈവരിക്കുന്നതിനായി രാജ്യം മുന്നോട്ട് വെച്ചിരിക്കുന്ന നിയമങ്ങൾ, തന്ത്രങ്ങൾ, സംരംഭങ്ങൾ എന്നിവയിലൂടെ, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള മേഖലയിലെ ശ്രമങ്ങൾക്ക് തങ്ങൾ നേതൃത്വം നൽകുന്നതായി അവർ കൂട്ടിച്ചേർത്തു. പരിസ്ഥിതി സുസ്ഥിരത എന്നത് എല്ലാവരുടെയും കർത്തവ്യമാക്കി മാറ്റുന്നതിനായി രാജ്യത്തെ എല്ലാ തന്ത്രപ്രധാനമായ പങ്കാളികളുമായും പങ്കാളിത്തം ഉണ്ടാക്കുന്നതിനും, ശ്രമങ്ങൾ വിന്യസിക്കുന്നതിനും കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം ലക്ഷ്യമിടുന്നതായി അവർ വ്യക്തമാക്കി.
ലോക പരിസ്ഥിതി ദിനം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി, അടുത്ത രണ്ട് ദിവസങ്ങളിൽ ഉമ്മുൽ ഖുവൈനിലെ സ്‌കൂളുകളുടെയും, പൊതുജനങ്ങളുടെയും പങ്കാളിത്തത്തോടെ കണ്ടൽക്കാടുകൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങൾ, ഫുജൈറയിലെ അമച്വർ മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ പവിഴങ്ങൾ നട്ടുപിടിപ്പിക്കൽ തുടങ്ങിയ അർത്ഥവത്തായ പൊതു ഇടപഴകൽ സംരംഭങ്ങൾ നടപ്പിലാക്കുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.
“പരിസ്ഥിതി സുസ്ഥിരത വർദ്ധിപ്പിക്കുന്നതിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഞങ്ങളുടെ സജീവ പങ്കാളികളാകാൻ ഈ ദിവസം ഞാൻ ക്ഷണിക്കുന്നു. നമ്മളെല്ലാവരും ഇതിൽ ഒരു അവിഭാജ്യ പങ്ക് വഹിക്കേണ്ടതുണ്ട്. ഭക്ഷണം, വെള്ളം, ഊർജ്ജം എന്നിവയുടെ ഉത്തരവാദിത്തമുള്ള ഉപയോഗം, മരങ്ങൾ നട്ടുപിടിപ്പിക്കൽ, റെഡ്യൂസ്, റീ-യൂസ്, റീ-സൈക്കിൾ എന്നീ മൂന്ന് ആശയങ്ങളിലൂന്നിക്കൊണ്ട് മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും, പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആശയങ്ങൾ കേവലം ലളിതവും നിസ്സാരവുമായ നടപടികളാണെന്ന് തോന്നിയേക്കാം; എന്നാൽ കൂട്ടായി എടുക്കുമ്പോൾ, നിലവിലുള്ളതും അടുത്തതുമായ തലമുറകൾക്കായി മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ ശക്തമായ മാറ്റം കൊണ്ടുവരാൻ അവയ്ക്ക് കഴിയും.”, മറിയം ബിന്റ് മുഹമ്മദ് അൽമെഹെരി കൂട്ടിച്ചേർത്തു.
സർക്കാർ എത്ര സംരംഭങ്ങൾ ആവിഷ്‌കരിച്ചാലും സുസ്ഥിരതയിലൂന്നിയതല്ലാത്ത പെരുമാറ്റം വലിയ തോതിൽ തുടർന്നാൽ നമ്മുടെ എല്ലാ പ്രയത്‌നങ്ങളും പാഴാകുമെന്നതാണ് സാരം. നമുക്കെല്ലാവർക്കും ഭൂമിയുടെ ജീവരക്ഷായന്ത്ര സംവിധാനത്തിന്റെ ഭാഗമാകാം, അങ്ങനെ നമ്മുടെ ഗ്രഹത്തിന് ഒരിക്കൽ കൂടി അഭിവൃദ്ധി പ്രാപിക്കാം.”, അവർ ഈ ദിനത്തിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ചൂണ്ടിക്കാട്ടിക്കൊണ്ട് തന്റെ പ്രസ്താവന ഉപസംഹരിച്ചു.
WAM