ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രവാസികൾക്ക് രാജ്യത്തേക്ക് മടങ്ങിയെത്താൻ അവസരം

GCC News

നിലവിൽ രാജ്യത്തിന് പുറത്തുള്ള റെസിഡൻസ് വിസക്കാർക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ രാജ്യത്തേക്ക് മടങ്ങിയെത്താമെന്ന് സൂചന. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നിലവിലില്ലെങ്കിലും, അതാത് രാജ്യങ്ങളിലെ ഒമാൻ എംബസി മുഖേനെ രാജ്യത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് അനുമതിക്കായി അപേക്ഷിക്കാവുന്നതാണെന്ന് ഒമാൻ എയർപോർട്ട് വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ വിവിധ രാജ്യങ്ങളിൽ അകപ്പെട്ട പ്രവാസികളും, ഒമാനിൽ റെസിഡൻസ് വിസയുള്ള വിദ്യാർത്ഥികളും കഴിഞ്ഞ ഏതാനം ദിനങ്ങളിൽ പ്രത്യേക വിമാനങ്ങളിൽ ഒമാനിലേക്ക് മടങ്ങിയെത്തിയിരുന്നു. നിലവിൽ രാജ്യത്തിനു പുറത്തുള്ള പ്രവാസികളോട് അതാത് രാജ്യങ്ങളിലെ ഒമാൻ എംബസിയുമായി ബന്ധപ്പെടാനാണ് അധികൃതർ നിർദ്ദേശിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഓരോ അപേക്ഷകളും പ്രത്യേകം വിശകലനം ചെയ്ത ശേഷമാണ് ഒമാനിൽ തിരികെയെത്തുന്നതിനായുള്ള അനുവാദം നൽകുന്നത്.

Cover Image: Source