രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുള്ള തീരുമാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ ഉണ്ടാകുമെന്ന് ഒമാനിലെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. COVID-19 വ്യാപനം തടയുന്നതിനായി, ഒക്ടോബർ 11, ഞായറാഴ്ച്ച മുതൽ ഒക്ടോബർ 24 വരെയുള്ള കാലയളവിൽ, ഒമാനിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ്, അവ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ, യാത്രാ നിയന്ത്രണങ്ങൾ എന്നിവ പാലിക്കാത്തവർക്ക് പബ്ലിക് പ്രോസിക്യൂഷൻ തലത്തിലുള്ള നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മുഹമ്മദ് ബിൻ സയീദ് അൽ യഹ്യ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. ഒക്ടോബർ 10-ന് വൈകീട്ടാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്.
സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ പേര്, ഫോട്ടോ, മറ്റു വിവരങ്ങൾ എന്നിവ വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്ത് കൊറോണ വൈറസ് രോഗബാധയിൽ പ്രകടമാകുന്ന വർദ്ധനവിനെ തുടർന്നാണ് ഒക്ടോബർ 11 മുതൽ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാൻ കമ്മിറ്റി തീരുമാനിച്ചത്. ഒക്ടോബർ 11 മുതൽ രണ്ടാഴ്ച്ചത്തേക്ക്, രാത്രി 8 മണി മുതൽ പുലർച്ചെ 5 വരെയാണ് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാത്രി 8 മുതൽ പുലർച്ചെ 5 വരെ പൊതു ഇടങ്ങളും, വാണിജ്യ സ്ഥാപനങ്ങളും അടച്ചിടാനാണ് തീരുമാനം. ഈ സമയത്ത് യാത്രകൾക്കും നിയന്ത്രണമുണ്ടാകുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച്ച മുതൽ രാജ്യത്ത് തിരികെ ഏർപ്പെടുത്തുന്ന രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതു ഗതാഗത സേവനങ്ങളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി മുവാസലാത്ത് അറിയിച്ചിട്ടുണ്ട്.