ബിപാർജോയ് ചുഴലിക്കാറ്റിന്റെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

GCC News

അറബിക്കടലിൽ രൂപം കൊണ്ടിട്ടുള്ള ബിപാർജോയ് ചുഴലിക്കാറ്റിന്റെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയതാണ് ഈ വീഡിയോ ദൃശ്യം. 2023 ജൂൺ 13-നാണ് അദ്ദേഹം ഈ ദൃശ്യം ട്വിറ്ററിൽ പങ്ക് വെച്ചത്.

“അറബി കടലിന് മുകളിൽ ഒരു ചുഴലിക്കാറ്റ് രൂപപ്പെടുന്നത് ഇവിടെ ദൃശ്യമാകുന്നതാണ്. ഇത്തരത്തിലുള്ള നിരവധി പ്രാപഞ്ചിക പ്രതിഭാസങ്ങളെ അതുല്യമായ ഒരു വീക്ഷണകോണിലൂടെ നോക്കിക്കാണുന്നതിന് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ വേദിയൊരുക്കുന്നു. ഭൂമിയിലെ കാലാവസ്ഥാ നിർണ്ണയം നടത്തുന്ന വിദഗ്ധർക്ക് ഏറെ പ്രയോജനപ്രദമാണ് ഈ ദൃശ്യങ്ങൾ. എല്ലാവരും സുരക്ഷിതരായിരിക്കുക!”, ഈ ദൃശ്യം പങ്ക് വെച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായാണ് അൽ നെയാദി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയത്.

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ മക്കയുടെയും, മദീനയുടെയും രാത്രി സമയത്തുള്ള ബഹിരാകാശ ദൃശ്യങ്ങൾ, അറേബ്യൻ പെനിൻസുല മേഖലയുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യങ്ങൾ, ദുബായിയുടെ ബഹിരാകാശത്ത് നിന്നുള്ള തിളങ്ങുന്ന രാത്രി ദൃശ്യം, അബുദാബിയുടെ അത്യാകർഷകമായ ബഹിരാകാശ ദൃശ്യം, ഇറാഖ്, ഖത്തർ, ബഹ്‌റൈൻ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശ ദൃശ്യങ്ങൾ എന്നിവ അദ്ദേഹം നേരത്തെ പങ്ക് വെച്ചിരുന്നു.

Cover Image: @Astro_Alneyadi.