‘ടീംലാബ് ഫിനോമിന’ അബുദാബി ഉദ്ഘാടനം ചെയ്തു

featured UAE

സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന ‘ടീംലാബ് ഫിനോമിന’ അബുദാബി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 2025 ഏപ്രിൽ 17-നാണ് ‘ടീംലാബ് ഫിനോമിന’ അബുദാബി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഈ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കല, സംസ്കാരം, നൂതനത എന്നീ മേഖലകളിൽ എമിറേറ്റിനുള്ള സ്ഥാനം ഊട്ടിഉറപ്പിക്കുന്നതാണ് ഈ മൾട്ടി-സെൻസറി ഡിജിറ്റൽ ആർട്സ് മ്യൂസിയം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Source: Abu Dhabi Media Office.

നിരവധി വിശിഷ്ട വ്യക്തികളും, സാംസ്കാരിക നായകന്മാരും ഈ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഇറ്റാലിയൻ പിയാനിസ്റ്റും, ഗാനരചയിതാവുമായ ലുഡോവികോ എയ്നഔദിയുടെ ഒരു പ്രത്യേക പ്രകടനം ഉൾപ്പടെയുള്ള പരിപാടികൾ അരങ്ങേറി.

Source: Abu Dhabi Media Office.

പതിനേഴായിരം സ്‌ക്വയർ മീറ്ററിൽ നിർമ്മിക്കുന്ന ഈ മൾട്ടി-സെൻസറി ഡിജിറ്റൽ ആർട്സ് മ്യൂസിയം മിരാൾ എക്സ്പീരിയൻസസാണ് പ്രവർത്തിപ്പിക്കുന്നത്.

കാഴ്ച, ശബ്ദം, സ്പർശനം തുടങ്ങിയവ ഉപയോഗപ്പെടുത്തി സന്ദർശകർക്കായി അതിനൂതനമായ കലാഅനുഭവങ്ങൾ ഒരുക്കുന്ന രീതിയിലാണ് ‘ടീംലാബ് ഫിനോമിന’ അബുദാബിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. കല, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയുടെ സമന്വയമാണ് ഈ സാംസ്കാരികകേന്ദ്രം.