ലുസൈൽ സിറ്റിയിൽ നടപ്പിലാക്കുന്ന ലുസൈൽ ട്രാം പദ്ധതിയുടെ സാങ്കേതിക പരിശോധനകൾ ആരംഭിച്ചതായി ഖത്തർ റെയിൽ അറിയിച്ചു. ലുസൈൽ ട്രാം പണിപൂർത്തിയാക്കി പ്രവർത്തനമാരംഭിക്കുന്നതോടെ ലുസൈൽ സിറ്റിയിലെ പ്രധാന ഗതാഗത സംവിധാനമായി മാറുന്നതാണ്.
ട്രാം ലൈനുകളിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ഓട്ടം നടത്തുന്നതിനാൽ, മേഖലയിലെ വാഹന ഡ്രൈവർമാരും, കാൽനടയാത്രികരും ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കുന്നതിനായി ട്രാഫിക് സിഗ്നലുകൾ കൃത്യമായി ശ്രദ്ധിക്കാൻ ഖത്തർ റെയിൽ ആവശ്യപ്പെട്ടു.
35.4 കിലോമീറ്റർ നീളമുള്ള ലുസൈൽ ട്രാം ശൃംഖല ദോഹ മെട്രോയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിനായി ലുസൈൽ, ലെഗ്തൈഫിയ എന്നിവിടങ്ങളിൽ രണ്ട് ഇന്റർചേഞ്ച് സ്റ്റേഷനുകൾ ആരംഭിക്കുന്നതാണ്. നാലു ലൈനുകളിലായാണ് ലുസൈൽ ട്രാം പ്രവർത്തിക്കുന്നത്. 28 സ്റ്റേഷനുകളാണ് ആകെ ഉണ്ടായിരിക്കുക.