COVID-19 സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി HH ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാന പ്രകാരം ആരംഭിച്ച ’10 മില്യൺ മീൽസ്’ പദ്ധതിക്ക് വിജയകരമായ പരിസമാപ്‌തി. ഏപ്രിൽ ആദ്യത്തിൽ പ്രഖ്യാപിച്ച ഈ പദ്ധതിക്ക് അഭൂതപൂർവമായ പിന്തുണയാണ് സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് ലഭിച്ചത്.
ഒരു മാസത്തിൽ താഴെ സമയം കൊണ്ട് 15 ദശലക്ഷത്തിൽ പരം ഭക്ഷണ കിറ്റുകൾ നൽകുന്നതിനുള്ള ധനസഹായമാണ് ഈ പദ്ധതിയിലേക്ക് ഒഴുകിയെത്തിയത്.
ഈ പദ്ധതിയുടെ ഭാഗമായി വ്യക്തികൾ, സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ മുതലായവരിൽ നിന്നായുള്ള സംഭാവനകൾ, കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് റമദാനിൽ ഉടനീളം ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കും. ആയിരത്തിലധികം സന്നദ്ധ സേവകർ ഇതിനകം 6.5 മില്യൺ ഭക്ഷണ പൊതികൾ രാജ്യത്തുടനീളം വിതരണം ചെയ്തു കഴിഞ്ഞു.
ഫോട്ടോ: ദുബായ് മീഡിയ ഓഫീസ്