എക്സ്പോ 2020 ദുബായിയുടെ സ്‌മരണാര്‍ത്ഥം ‘ദി ഡെഫിനിറ്റിവ് എഡിഷൻ’ എന്ന പേരിൽ ഒരു പ്രത്യേക പുസ്തകം പുറത്തിറക്കിയതായി എക്സ്പോ സിറ്റി ദുബായ് അധികൃതർ അറിയിച്ചു. അസുലീൻ പബ്ലിഷിങ്ങ് ഹൗസുമായി ചേർന്നാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ഈ പുസ്തകം പരിമിതമായ അളവിൽ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. എക്സ്പോ 2020 ദുബായിയുടെ സമഗ്രമായ അവലോകനം എന്ന രീതിയിലാണ് ‘ദി ഡെഫിനിറ്റിവ് എഡിഷൻ’ തയ്യാറാക്കിയിരിക്കുന്നത്.
എക്സ്പോ 2020 ദുബായിയുടെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ടാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. എക്സ്പോ 2020 ദുബായിയുമായി ബന്ധപ്പെട്ട് അസുലീൻ പബ്ലിഷിങ്ങ് ഹൗസുമായി ചേർന്ന് ഒമ്പത് പുസ്തകങ്ങൾ പുറത്തിറക്കുന്നതിനാണ് അധികൃതർ പദ്ധതിയിടുന്നത്. ഇതിൽ രണ്ട് പുസ്തകങ്ങൾ അറബിക്കിലാണ് തയ്യാറാക്കിയിരിക്കുന്നത്.
എക്സ്പോ 2020 ദുബായിയുടെ ചരിത്രം, അതിന്റെ ലക്ഷ്യങ്ങൾ, ആശയങ്ങൾ, ചിന്താവിഷയങ്ങൾ, പവലിയനുകളുടെ വിവരണങ്ങൾ, വാസ്‌തുശൈലി, പൈതൃകം എന്നിവ ഈ പുസ്തകങ്ങൾ എടുത്ത് കാട്ടുന്നു. ഇതിന് പുറമെ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലും, ആഫ്രിക്കയിലും, ദക്ഷിണേഷ്യൻ രാജ്യങ്ങളിലും വെച്ച് നടക്കുന്ന ആദ്യത്തെ ലോക എക്സ്പോ മേളയുടെ പ്രഭാവത്തെ അവതരിപ്പിക്കുന്നതിനും ഈ പുസ്തകങ്ങളിലൂടെ ലക്ഷ്യമിടുന്നു.
ഈ സ്‌പെഷ്യൽ എഡിഷൻ പുസ്തകത്തിന്റെ 900 കോപ്പികൾ മാത്രമാണ് അച്ചടിച്ചിരിക്കുന്നത്. ഇവ നാഷണൽ ലൈബ്രറി, മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി, ആർകൈവ്സ് എന്നിവ ഉൾപ്പടെ യു എ ഇയിലെ എല്ലാ പ്രധാന പൊതുസ്ഥാപനങ്ങളിലും ലഭ്യമാക്കുന്നതാണ്.
ദുബായ് എക്സ്പോ സിറ്റിയിലെ വില്പനശാലയിൽ നിന്ന് ഈ പുസ്തകം വാങ്ങാവുന്നതാണ്. അടുത്ത് തന്നെ ആരംഭിക്കാനിരിക്കുന്ന എക്സ്പോ 2020 ദുബായ് മ്യൂസിയത്തിൽ ഈ പുസ്തകത്തിന്റെ കോപ്പി ഉൾപ്പെടുത്തുന്നതാണ്.
WAM