സൗദി: 16 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് നിലവിൽ അനുമതി നൽകിയിട്ടുള്ള COVID-19 വാക്സിൻ നൽകില്ല

GCC News

സൗദിയിൽ ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഔദ്യോഗിക അനുമതി നൽകിയിട്ടുള്ള ഫൈസർ, ബയോ എൻ ടെക് (BioNTech) COVID-19 വാക്സിൻ 16 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഈ പ്രായപരിധിയിൽ ഉൾപ്പെടുന്നവരെ ഫൈസർ തങ്ങളുടെ വാക്സിൻ ക്ലിനിക്കൽ ട്രയലുകളിൽ ഉൾപ്പെടുത്താത്തതിനാലാണ് ഈ തീരുമാനം.

ഫൈസർ, ബയോ എൻ ടെക് COVID-19 വാക്സിനിന്നു ഔദ്യോഗിക രജിസ്‌ട്രേഷൻ നൽകാൻ സൗദിയിലെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനെത്തുടർന്ന് സൗദിയിലെ പൗരന്മാർക്കും, നിവാസികൾക്കും COVID-19 വാക്സിൻ സൗജന്യമായി നൽകുന്നതിനുള്ള ഓൺലൈൻ രെജിസ്‌ട്രേഷൻ നടപടികൾ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

16 വയസ്സിൽ താഴെ പ്രായമുള്ളവർക്കായി മറ്റു COVID-19 വാക്സിനുകൾ രാജ്യത്ത് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങൾക്കിടയിൽ നടത്തുന്ന പരീക്ഷണങ്ങളിൽ സുരക്ഷിതമെന്ന് തെളിയിക്കപ്പെടുന്ന വാക്സിനായിരിക്കും ഇതിനായി സൗദിയിൽ ലഭ്യമാക്കുന്നത്. ഫൈസർ, ബയോ എൻ ടെക് ഉൾപ്പടെ വിവിധ അന്താരാഷ്ട്ര ഔഷധനിര്‍മ്മാണ കമ്പനികൾ ഈ പ്രായപരിധിയിൽപ്പെടുന്നവർക്കുള്ള COVID-19 വാക്സിൻ ക്ലിനിക്കൽ ട്രയൽ നിലവിൽ നടത്തിവരുന്നുണ്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് COVID-19 വാക്സിനേഷൻ സൗദിയിൽ നടപ്പിലാക്കുന്നത്. 65 വയസ്സിൽ കൂടുതൽ പ്രായമായ പൗരന്മാർ, പ്രവാസികൾ, 40-ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് രേഖപ്പെടുത്തുന്നവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, മുൻപ് പക്ഷാഘാതം വന്നിട്ടുള്ളവർ, ആസ്തമ, പ്രമേഹം, കിഡ്‌നി പ്രശ്നങ്ങൾ തുടങ്ങിയ രണ്ടിലധികം വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുന്നത്.