ലോകത്തെ ആദ്യത്തെ 3D-പ്രിന്റഡ് ഇലക്ട്രിക്ക് അബ്രയുടെ പരീക്ഷണ ഓട്ടം ദുബായിൽ ആരംഭിച്ചു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയാണ് (RTA) ഇക്കാര്യം അറിയിച്ചത്.
3D പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ അബ്രയിൽ (പരമ്പരാഗത അറബ് ബോട്ട്) ഒരേ സമയം 20 യാത്രികർക്ക് വരെ സഞ്ചരിക്കാം. 3D പ്രിന്റിങ്ങിൽ നിർമ്മിച്ചിട്ടുള്ള ഏറ്റവും വലിയ മോണോകോക് (11 മീറ്റർ നീളം, 3.1 മീറ്റർ വീതി) നിർമ്മിതിയാണിത്.
ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന, പത്ത് കിലോവാട്ടിന്റെ രണ്ട് മോട്ടറുകൾ ഉള്ള ഈ ഇലക്ട്രിക്ക് അബ്ര ഷെയ്ഖ് സായിദ് റോഡ് മറൈൻ ട്രാൻസ്‌പോർട് സ്റ്റേഷനിൽ നിന്ന് TR6 ലൈനിലാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. ഈ പരീക്ഷണ കാലയളവിൽ ഈ അബ്രയുടെ പ്രകടനം 20 യാത്രികരെ ഉൾക്കൊള്ളാവുന്ന നിലവിലുള്ള ഫൈബർഗ്ലാസ് അബ്രകളുമായി താരതമ്യം ചെയ്യുന്നതാണ്.
കാഴ്ച്ചയിൽ പരമ്പരാഗത അബ്രകളുടെ അതെ രൂപകൽപന നിലനിർത്തിയാണ് ഈ 3D-പ്രിന്റഡ് ഇലക്ട്രിക്ക് അബ്ര നിർമിച്ചിരിക്കുന്നത്. അബ്രകൾ നിർമ്മിക്കാനെടുക്കുന്ന സമയം 90 ശതമാനം കുറയ്ക്കുന്നതിനും, നിർമാണച്ചെലവ് 30 ശതമാനം കുറയ്ക്കുന്നതിനും, അറ്റകുറ്റപ്പണികൾക്കുള്ള ചെലവ് 30 ശതമാനം കുറയ്ക്കുന്നതിനും RTA ഇതിലൂടെ ലക്ഷ്യമിടുന്നു.
Cover Image: @rta_dubai.